< Back
India
Maharashtra Ruling Alliance Rift Widens
India

എംഎൽഎമാരുടെ വൈ കാറ്റഗറി സുരക്ഷ പിൻവലിച്ചു; മഹാരാഷ്ട്രയിൽ ഭരണപക്ഷത്ത് ഭിന്നത രൂക്ഷമാകുന്നു

Web Desk
|
18 Feb 2025 7:13 PM IST

എല്ലാ പാർട്ടിയിലെയും എംഎൽഎമാരുടെ സുരക്ഷ പിൻവലിച്ചിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ പക്ഷ ശിവസേനക്കാരാണ് കൂടുതൽ.

മുംബൈ: അധികാരത്തിലെത്തി മൂന്ന് മാസം പിന്നിടുന്നതിന് മുമ്പ് തന്നെ മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ഏതാനും എംഎൽഎമാരുടെ വൈ കാറ്റഗറി സുരക്ഷ പിൻവലിച്ചതാണ് പുതിയ വിവാദം. എല്ലാ പാർട്ടിയിലെയും എംഎൽഎമാരുടെ സുരക്ഷ പിൻവലിച്ചിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെ ശിവസേനക്കാരാണ് കൂടുതൽ.

2022ൽ ശിവസേന പിളർത്തി ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ ഷിൻഡേക്ക് ഒപ്പമുള്ള 44 എംഎൽഎമാർക്കും 11 എംപിമാർക്കും വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു. പിന്നീട് നടന്ന അവലോകനത്തിൽ സുരക്ഷാ ഭീഷണിയില്ലാത്ത എംഎൽഎമാരുടെയും പാർട്ടി നേതാക്കളുടെയും സുരക്ഷ പിൻവലിക്കുകയായിരുന്നു. സുരക്ഷ പിൻവലിച്ചതിൽ 20 എംഎൽഎമാർ ഷിൻഡേ പക്ഷക്കാരാണ്.

സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ് സുരക്ഷ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും ഇതിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസിന്റെ വിശദീകരണം. കമ്മിറ്റി യോഗത്തിൽ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുകയും അതനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. അതിൽ ബാഹ്യ ഇടപെടൽ ഉണ്ടാവാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഹായുതി സഖ്യം വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയെങ്കിലും ഏക്‌നാഥ് ഷിൻഡേയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ മുന്നണിയിൽ കല്ലുകടി തുടങ്ങിയിരുന്നു. റായ്ഗഡ്, നാസിക് ജില്ലകളിലെ ഗാർഡിയൻ മന്ത്രിമാരെ നിയമിച്ചതിലും ഷിൻഡേ പക്ഷം അതൃപ്തി പരസ്യമാക്കിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ഷിൻഡേ പുറത്തായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ ഫഡ്‌നാവിസും ധനമന്ത്രിയായ അജിത് പവാറും ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളാണ്. ഷിൻഡേ പുറത്തായത് വിവാദമായതോടെ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത് ഷിൻഡേയെ ഉൾപ്പെടുത്തുകയായിരുന്നു.

Similar Posts