< Back
India
Mahbubul Hoque, university owner who faced series of attacks from Himanta arrested
India

അസം മുഖ്യമന്ത്രി 'പ്രളയ ജിഹാദ്' ആരോപണമുന്നയിച്ച യൂണിവേഴ്‌സിറ്റി ചാൻസലർ മെഹ്ബൂബുൽ ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തു

Web Desk
|
22 Feb 2025 4:40 PM IST

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഹഖിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നിരവധി വർ​ഗീയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഗുവാഹതി: യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി മേഘാലയ (യുഎസ്ടിഎം) ചാൻസലർ മെഹ്ബൂബുൽ ഹഖിനെ അസം പൊലീസ് അറസ്റ്റ് ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മെഹ്ബൂബുൽ ഹഖിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അസം പൊലീസിന്റെ പ്രത്യേക ദൗത്യസംഘം ഗുവാഹതിയിലെ വസതിയിൽ നിന്നാണ് ഹഖിനെ അറസ്റ്റ് ചെയ്തത്.

സിബിഎസ്ഇ 12-ാം ക്ലാസ് ഫിസിക്‌സ് പരീക്ഷക്കിടെ അന്യായമായി പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് നോർത്ത് 'ഈസ്റ്റ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നത്. ശ്രീഭൂമി ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഹഖിനെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

സിരിഭൂമിയിലെ പതാർകണ്ടി ഏരിയയിലുള്ള സെൻട്രൽ പബ്ലിക് സ്‌കൂളിൽ പ്ലസ്ടു ഫിസിക്‌സ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നം ഉണ്ടായതായി പൊലീസ് പറഞ്ഞു. ഹഖിന്റെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ ആന്റ് റിസർച്ച് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ആണ് സ്‌കൂൾ നടത്തുന്നത്. ഇവിടെ പരീക്ഷയെഴുതുന്ന 274 കുട്ടികളിൽ 214 പേർ പ്രത്യേക പരിശീലന പദ്ധതിയായ വിഷൻ 50യുടെ കീഴിൽ പ്രവേശനം നേടിയവരായിരുന്നു. പരീക്ഷാ സമയത്ത് ഇൻവിജിലേറ്റർമാർ വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് അവർക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും ഇത് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ പ്രശ്‌നമുണ്ടാക്കിയതാണെന്ന് എന്നുമാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ആഴ്ചയും ഹഖിന്റെ യൂണിവേഴ്‌സിറ്റിക്കെതിരെ അസം മുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നത് എന്നായിരുന്നു ഹിമന്തയുടെ ആരോപണം. ഹഖ് അസമിൽ 'പ്രളയ ജിഹാദ്' നടത്തുന്നുവെന്ന വിചിത്ര ആരോപണവും ഹിമന്ത ഉന്നയിച്ചിരുന്നു. യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അസമിൽ മിന്നൽ പ്രളയത്തിന് കാരണമാകുന്നു എന്നായിരുന്നു ആരോപണം.

വർഗീയ വിഷം ചീറ്റുന്ന മറ്റു ചില ആരോപണങ്ങളും ഹിമന്ത ബിശ്വ ശർമ യൂണിവേഴ്‌സിറ്റിക്കെതിരെ ഉന്നയിച്ചിരുന്നു. യൂണിവേഴ്‌സിറ്റിയുടെ പ്രധാന കവാടത്തിൽ മൂന്ന് താഴികക്കുടങ്ങളുണ്ട്. അവിടെ പോകുന്നത് ലജ്ജാകരമാണ്, കാരണം മക്കയിൽ പോകുന്നത് പോലെയാണ്. അസമിലെ വൈഷ്ണവ പാരമ്പര്യത്തിന്റെ ഭാഗമായ ക്ഷേത്രവും ചർച്ചും നിർമിക്കണമെന്നും അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ബംഗാൾ വംശജനായ ഹഖ് അസമിലെ കരിംഗഞ്ച് ജില്ലക്കാരനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന് കീഴിൽ യൂണിവേഴ്‌സിറ്റി അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

Similar Posts