< Back
India
കൈ പിടിക്കാൻ സോനു സൂദിന്റെ സഹോദരി മാളവിക; കോൺഗ്രസിന് കരുത്ത്
India

കൈ പിടിക്കാൻ സോനു സൂദിന്റെ സഹോദരി മാളവിക; കോൺഗ്രസിന് കരുത്ത്

Web Desk
|
8 Jan 2022 8:04 PM IST

മോഗയിൽ നിന്ന് ഇവര്‍ ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്

അമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബോളിവുഡ് നടനും സാമൂഹ്യ പ്രവർത്തകനുമായ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് കോൺഗ്രസിലേക്ക്. നിയമസഭയിലേക്ക് ഇവർ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ആഭ്യന്തര പ്രശ്‌നത്തിൽ പെട്ടുഴലുന്ന കോൺഗ്രസിന് മാളവികയുടെ വരവ് കരുത്തേകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മോഗ, ധരംകോട്ട്, നിഹാൽസിങ് വാല മണ്ഡലങ്ങളിൽ മാളവിക സ്വാധീനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. മോഗയിൽ നിന്നാകും ഇവർ മത്സരിക്കുക. മോഗയിൽ നിരവധി സേവന-കാരുണ്യ പ്രവർത്തനങ്ങളിലെ സജീവമുഖമാണ് ഇവർ. കഴിഞ്ഞ ദിവസം ഇവർ മോഗയിലെ ആയിരം വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തിരുന്നു. സോനു സൂദും ചടങ്ങിൽ പങ്കെടുത്തിരുന്നു.

മോഗയിൽ 'മോഗി ദി ധീ' (മോഗയുടെ മകൾ) എന്ന ക്യാംപയിനും ഇവർ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 14നാണ് പഞ്ചാബിലെ വോട്ടിങ്. കർഷക സമരം ഏറെ ശക്തമായ തലസ്ഥാനത്ത് ആം ആദ്മി പാർട്ടിയിൽ നിന്നാണ് ഭരണ കക്ഷിയായ കോൺഗ്രസ് വെല്ലുവിളി നേരിടുന്നത്. 117 അംഗ സഭയിൽ 77 സീറ്റാണ് കോൺഗ്രസിനുള്ളത്. ആം ആദ്മി പാർട്ടിക്ക് 20 ഉം ശിരോമണി അകാലിദളിന് 15 ഉം സീറ്റുണ്ട്. ഈയിടെ കോണ്‍ഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി സഹകരിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Similar Posts