< Back
India
മാലേഗാവ് സ്‌ഫോടന കേസ്: മോഹന്‍ ഭഗവതിനെ അറസ്റ്റ് ചെയ്യാന്‍ മേലുദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു: മുന്‍ എടിഎസ് ഉദ്യോഗസ്ഥന്‍
India

മാലേഗാവ് സ്‌ഫോടന കേസ്: 'മോഹന്‍ ഭഗവതിനെ അറസ്റ്റ് ചെയ്യാന്‍ മേലുദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു': മുന്‍ എടിഎസ് ഉദ്യോഗസ്ഥന്‍

Web Desk
|
2 Aug 2025 10:55 AM IST

മോഹന്‍ ഭഗവതിനെപ്പോലുള്ള ഒരാളെ അറസ്റ്റ് ചെയ്യുന്നത് തന്റെ കഴിവിനും അപ്പുറമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി: മാലേഗാവ് സ്‌ഫോടന കേസില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ അറസ്റ്റ് ചെയ്യാന്‍ തന്റെ മേലുദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നുവെന്ന് എ.ടി.എസില്‍ സേവനമനുഷ്ഠിച്ച മുന്‍ ഇന്‍സ്‌പെക്ടര്‍ മഹിബൂബ് മുജാവര്‍. അന്വേഷണ ഉദ്യോഗസ്ഥനായ പരംഭീറാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'പരം ബീര്‍ സിംഗ് ആണ് എനിക്ക് നിര്‍ദ്ദേശം നല്‍കിയത്, അദ്ദേഹത്തിന് മുകളിലുള്ളവര്‍ എന്നോട് രാം കല്‍സംഗ്ര, സന്ദീപ് ഡാംഗെ, ദിലീപ് പട്ടീദാര്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എന്നീ വ്യക്തികളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ ഗണ്യമായ സ്വാധീനമുള്ള മോഹന്‍ ഭഗവതിനെപ്പോലുള്ള ഒരാളെ അറസ്റ്റ് ചെയ്യുന്നത് എന്റെ കഴിവിനും അപ്പുറമായിരുന്നു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാലേഗാവ് സ്‌ഫോടനം ആദ്യം എ.ടി.എസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച് ശേഷമാണ് 2010ല്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. 2008 സെപ്റ്റംബര്‍ 29നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപത്തെ പള്ളിക്കടുത്തായി സ്‌ഫോടനമുണ്ടായത്. ജനത്തിരക്കേറിയ മേഖലയില്‍ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

2009 മാര്‍ച്ച് 21 നാണ് മോഹന്‍ ഭഗവത് ആര്‍ എസ് എസ് തലവനാകുന്നത്. ഏഴ് പ്രതികളെയും വെറുതെവിട്ട 1036 പേജുള്ള ജഡ്ജ്‌മെന്റുള്ള വിധിന്യായത്തിലാണ് പ്രത്യേക ജഡ്ജി ആരോപണങ്ങളെക്കറിച്ച് പറഞ്ഞത്.

'തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി മുന്‍ ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് എന്നിവരെ കുറ്റവിമുക്തരാക്കിയത്.

Similar Posts