< Back
India
രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെയല്ല സംസാരിക്കേണ്ടത്: കോൺഗ്രസിനെ ആര്‍ജെഡി തോക്കിൻ മുനയിൽ നിർത്തിയെന്ന പ്രസ്താവനക്കെതിരെ കോൺഗ്രസ്‌

മല്ലികാര്‍ജുന്‍ ഖര്‍ഗെ- നരേന്ദ്ര മോദി Photo-ANI

India

'രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെയല്ല സംസാരിക്കേണ്ടത്': കോൺഗ്രസിനെ ആര്‍ജെഡി തോക്കിൻ മുനയിൽ നിർത്തിയെന്ന പ്രസ്താവനക്കെതിരെ കോൺഗ്രസ്‌

Web Desk
|
3 Nov 2025 3:58 PM IST

മോദിയുടെ പരാമർശം പരിഹാസ്യമാണെന്നും പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയുന്നുവെന്നും ഖർഗെ വിമർശിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് ആർജെഡി നേതാവ് തേജസ്വി യാദവ് ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.

മോദിയുടെ പരാമര്‍ശം പരിഹാസ്യമാണെന്നും പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയുന്നു എന്നും ഖര്‍ഗെ വിമര്‍ശിച്ചു.

"ഇതെല്ലാം നുണയാണ്. അദ്ദേഹത്തിന് [പ്രധാനമന്ത്രി മോദിക്ക്] മറ്റൊന്നും പറയാനില്ല. തോക്കിൻമുനയിൽ ഒരാളെ മുഖ്യമന്ത്രിയാക്കാൻ ആരും ആരോടും പറയില്ല. കോൺഗ്രസ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ല. ഇത്തരം പ്രസ്താവനകൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ തന്നെ അവഹേളിക്കുന്നതാണ്. മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം ഇത്തരം കാര്യങ്ങൾ പറയുന്നത് പരിഹാസ്യമാണ്. ഇത് അദ്ദേഹത്തിന്റെ നിലവാരമാണ് കാണിക്കുന്നത്. ഒരു പ്രധാനമന്ത്രി സംസാരിക്കേണ്ടപോലെയല്ല അദ്ദേഹം ബിഹാറില്‍ സംസാരിക്കുന്നത്''- എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

ഭോജ്പൂർ ജില്ലയിലെ ആരായിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ആർജെഡിക്കെതിരെ ശക്തമായ ആക്രമണം പ്രധാനമന്ത്രി നടത്തിയത്. നോമിനേഷൻ സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് ആർജെഡി-കോൺഗ്രസ് സഖ്യത്തിനുള്ളിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയാമെന്നായിരുന്നു മോദി അവകാശപ്പെട്ടിരുന്നത്.

'ആർജെഡി മുഖ്യമന്ത്രിയെ കോൺഗ്രസിന് വേണ്ടായിരുന്നു, പക്ഷേ ആർജെഡി വിട്ടുകൊടുത്തില്ല. അവർ കോൺഗ്രസിന്റെ തലയിൽ തോക്ക് വെച്ച് മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്ത് പ്രഖ്യാപനം നടത്തി' - മോദി പറഞ്ഞു. ഇത് ആർജെഡിയുടെ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾക്ക് ഉദാഹരണമാണെന്നും ആർജെഡിയും കോൺഗ്രസും തമ്മിൽ തെരഞ്ഞെടുപ്പിനു ശേഷം വൻ കലഹമുണ്ടാകുമെന്നും മോദി പറഞ്ഞിരുന്നു.

ബിഹാറിലെ 243 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലാണ് നടക്കുന്നത്. നവംബർ 14-ന് വോട്ടെണ്ണൽ നടക്കും.

Similar Posts