< Back
India
ഇഡി റെയ്ഡ് നടത്തുന്ന സ്ഥലത്തെത്തി പ്രതിഷേധിച്ച് മമത ബാനർജി; ബംഗാളിൽ നാടകീയ രംഗങ്ങൾ
India

ഇഡി റെയ്ഡ് നടത്തുന്ന സ്ഥലത്തെത്തി പ്രതിഷേധിച്ച് മമത ബാനർജി; ബംഗാളിൽ നാടകീയ രംഗങ്ങൾ

റിഷാദ് അലി
|
8 Jan 2026 2:43 PM IST

അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ബംഗാൾ പിടിക്കാം എന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും മമത

കൊൽക്കത്ത: ബംഗാളിൽ ഇഡി റെയ്ഡ് നടക്കുന്ന സ്ഥലത്തെത്തി പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐപാക്കിലാണ് ഇഡി റെയ്ഡ് നടത്തിയത്.

അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ബംഗാൾ പിടിക്കാം എന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും മമത തുറന്നടിച്ചു. ഐപാക്ക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തി. ഇവിടെക്കാണ് മമത എത്തിയത്. രാവിലെ മുതല്‍ ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഉച്ചയോടെയാണ് മമത എത്തിയത്. ജെയിനിന്റെ വസതിയിൽ ഏകദേശം 20-25 മിനിറ്റ് ചെലവഴിച്ചതിന് ശേഷമാണ് കേന്ദ്രസര്‍ക്കാറിനെതിരെ മമത രംഗത്ത് എത്തിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളടങ്ങിയ ഫയലും മമതയുടെ കൈവശമുണ്ടായിരുന്നു.

'ഇന്ന് രാവിലെ എൻ്റെ ഐടി സെൽ ഓഫീസ് ഇഡി റെയ്ഡ് ചെയ്യുകയും അതിന്റെ ചുമതലയുള്ളയാളുടെ വസതിയിൽ പരിശോധന നടത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങള്‍ ഉൾപ്പെടെ അവർ എന്റെ പാർട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. അത് ഞാന്‍ അവിടെ നിന്നും എടുത്തുകൊണ്ടുവന്നിട്ടുണ്ട്'- മമത പറഞ്ഞു.

ഹാർഡ് ഡിസ്കുകൾ, മൊബൈൽ ഫോണുകൾ, സ്ഥാനാർത്ഥി പട്ടികകൾ, മറ്റു രേഖകൾ എന്നിവ പിടിച്ചെടുക്കാൻ കേന്ദ്ര ഏജൻസി ശ്രമിച്ചതായും മമത ആരോപിച്ചു. രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ ശേഖരിക്കേണ്ടത് ഇഡിയുടെ കടമയാണോയെന്നും മമത ചോദിച്ചു. ടിഎംസിയുമായുള്ള കൺസൾട്ടൻസി പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമല്ല, പാർട്ടിയുടെ ഐടി, മീഡിയ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനാലുമാണ് റെയ്ഡുകൾ നടത്തിയതെന്നും മമത പറഞ്ഞു.

എന്നാല്‍ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇഡി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മമതയുടെ നടപടിക്കെതിരെ ബിജെപി രംഗത്ത് എത്തി. റെയ്ഡിനിടെ ഐപാക്ക് മേധാവി പ്രതീക് ജെയിനിന്റെ വീട് മുഖ്യമന്ത്രി മമത ബാനർജി സന്ദർശിച്ചത് ഭരണഘടനാ വിരുദ്ധവും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിലുള്ള ഇടപെടലാണെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി.

Similar Posts