< Back
India
മമത ബാനർജിയുടെ സത്യപ്രതിജ്ഞ ഈ മാസം ഏഴിന്
India

മമത ബാനർജിയുടെ സത്യപ്രതിജ്ഞ ഈ മാസം ഏഴിന്

Web Desk
|
4 Oct 2021 7:39 AM IST

തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഇനി മുഖ്യമന്ത്രിയായി തുടരുന്നതിൽ തടസമില്ല

ഭവാനിപൂരിൽ ചരിത്ര വിജയം നേടിയ മമത ബാനർജി ഏഴാം തീയതി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിൽ അംഗമാകാതെ മുഖ്യമന്ത്രിയായി തുടരാനുള്ള കാലപരിധി അടുത്ത മാസം അഞ്ച് വരെയാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഇനി മുഖ്യമന്ത്രിയായി തുടരുന്നതിൽ തടസമില്ല.

മമതയ്ക്കായി ഭവാനിപൂര് സീറ്റ് ഒഴിഞ്ഞു നൽകിയ സോബൻദേബ് ചത്യോപാധ്യായയ്ക്ക് ഇന്നലെ തന്നെ മമത സീറ്റ് ഉറപ്പാക്കിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പിൽ മമത ഇദ്ദേഹത്തിന് സീറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

58,389 വോട്ടിന്‍റെ വമ്പൻ വിജയമാണ് മമത ഭവാനിപൂരിൽ കരസ്ഥമാക്കിയത്. മണ്ഡലത്തിൽ ഇതുവരെ ഒരു സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനിവാര്യമായ വിജയം മമത നേടിയത്. ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക ട്രിബിവാളിന് ആകെ കിട്ടിയത് 24,396 വോട്ടാണ്. ഇതിന്‍റെ ഇരട്ടി ഭൂരിപക്ഷവുമായി, ആകെ 84,709 വോട്ട് നേടിയാണ് വെസ്റ്റ് ബംഗാൾ രാഷ്ട്രീയം ഉറ്റനോക്കിയ തെരഞ്ഞെടുപ്പിൽ മമത വിജയം കൈപിടിയിലാക്കിയത്.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമിൽ മമത ബാനർജി പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർഥിയായി രംഗത്തിറങ്ങിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്. തോൽവി വകവെയ്ക്കാതെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേറ്റു. എംഎൽഎ അല്ലാത്തവർക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ നിയമസഭാ അംഗമായില്ലെങ്കിൽ പുറത്തുപോകേണ്ടിവരുമായിരുന്നു.

കഴിഞ്ഞ വെസ്റ്റ് ബംഗാൾ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ സോബൻദേബ് ചത്യോപാധ്യായയാണ് ജയിച്ചിരുന്നത്. 29,000 വോട്ടിനായിരുന്നു ഭൂരിപക്ഷം. നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം രാജിവെച്ച് മമതക്ക് വഴിയൊരുക്കുകയായിരുന്നു.



Similar Posts