< Back
India
അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലല്ലോ?  ജഗദീപ് ദൻഖഡിന്റെ രാജിയിൽ മമത ബാനർജി
India

അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലല്ലോ? ജഗദീപ് ദൻഖഡിന്റെ രാജിയിൽ മമത ബാനർജി

Web Desk
|
23 July 2025 11:20 AM IST

''ദൻഖഡിന്റെ രാജിയെക്കുറിച്ച് ഒരു അഭിപ്രായവും പറയാൻ ആഗ്രഹിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം''

ന്യൂഡല്‍ഹി: ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിസ്ഥാനത്ത് നിന്ന് ജഗദീപ് ദന്‍ഖഡ് രാജിവെച്ചതില്‍ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും സുഖമായിരിക്കുന്നയാളല്ലെ എന്നുമായിരുന്നു മമതയുടെ പ്രതികരണം. ദന്‍ഖഡ് ഏറെകാലം ബംഗാളില്‍ ഗവര്‍ണറായിരുന്നു. ഈ പരിചയം വെച്ചായിരുന്നു മമതയുടെ പ്രതികരണം.

" അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച് ഒരു അഭിപ്രായവും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അദ്ദേഹം ആരോഗ്യവാനായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളില്ലെന്നാണ് മനസിലാക്കുന്നത്''- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മമത പറഞ്ഞു. 2019 മുതൽ 2022 വരെ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന കാലത്ത് ധൻഖഡുമായി പലപ്പോഴും തർക്കമുണ്ടായിരുന്നുവെന്നും മമത ബാനർജി പറഞ്ഞു.

രാജ്യസഭാ ചെയര്‍മാനെന്ന നിലയില്‍ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം അധ്യക്ഷത വഹിച്ചതിന് പിന്നാലെ രാത്രിയിലാണ് ധന്‍ഖഡിന്റെ പൊടുന്നനെയുള്ള രാജി പ്രഖ്യാനം. ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ധന്‍ഖഡിന്റെ നീക്കം. പല അഭ്യൂഹങ്ങളാണ് രാജിക്ക് കാരണമായി പറയപ്പെടുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബിജെപിയുടെ നീക്കമാണിതെന്നും മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിയമിക്കാനാണ് പദ്ധതിയെന്നുമൊക്കെയാണ് പറയപ്പെടുന്നത്.

നിതീഷിനെ ഉപരാഷ്ട്രപതിയാക്കുന്നതോടെ ബിഹാറിലെ മുഖ്യമന്ത്രിക്കസേരയാണ് ബിജെപി ലക്ഷ്യമിടുന്നത്. ആ വഴിക്കുള്ള പ്രതികരണങ്ങളാണ് പ്രതിപക്ഷ കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നത്.

Similar Posts