< Back
India
നിങ്ങൾ എന്നെ ലക്ഷ്യമിട്ടാൽ ഞാൻ രാജ്യത്തെ പിടിച്ചുകുലുക്കും; എസ്‌ഐആറിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി മമത
India

'നിങ്ങൾ എന്നെ ലക്ഷ്യമിട്ടാൽ ഞാൻ രാജ്യത്തെ പിടിച്ചുകുലുക്കും'; എസ്‌ഐആറിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി മമത

Web Desk
|
27 Nov 2025 11:35 AM IST

തന്റെ ജനങ്ങൾക്കെതിരായ ഏത് അതിക്രമവും തനിക്കെതിരായ അക്രമമായി കണക്കാക്കുമെന്ന് എസ്ഐആർ വിരുദ്ധ റാലിയിൽ മമത പറഞ്ഞു

കൊൽക്കത്ത: എസ്‌ഐആറിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശങ്ങൾ നൽകുന്നത് ബിജെപിയാണെന്ന് മമത ആരോപിച്ചു. ഏതെങ്കിലും യഥാർഥ വോട്ടർമാരെ എസ്‌ഐആറിന്റെ പേരിൽ പട്ടികയിൽ നിന്ന് പുറത്താക്കിയാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ബിഹാറിൽ ബിജെപിയുടെ 'കളി' അവിടെയുള്ളവർക്ക് മനസ്സിലായില്ല. എന്നാൽ ബംഗാളിൽ അങ്ങനെയല്ല. തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യമിട്ടാൽ താൻ രാജ്യം മുഴുവൻ സഞ്ചരിക്കും. രാജ്യത്തെ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭം കാണേണ്ടിവരുമെന്നും മമത പറഞ്ഞു.

എന്റെ ജനങ്ങൾക്കെതിരായ ഏത് അതിക്രമവും എനിക്കെതിരായ അക്രമമായി കണക്കാക്കും. തെരഞ്ഞെടുപ്പ് ശേഷം രാജ്യം മുഴുവൻ സഞ്ചരിക്കും. ഞാൻ രാജ്യത്തെ പിടിച്ചുകുലുക്കും. വോട്ടർ പട്ടികയിൽ നിന്ന് ഒരു പേര് പോലും ഇല്ലാതാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. ആരും ഭയപ്പെടേണ്ടതില്ലെന്നും ബോംഗാവിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയിൽ മമത പറഞ്ഞു.

''ഒരു എസ്‌ഐആർ നടത്താൻ മൂന്ന് വർഷം എടുക്കും. ഇത് അവസാനമായി ചെയ്തത് 2002 ലാണ്. തങ്ങൾ ഒരിക്കലും എസ്‌ഐആറിനെ എതിർത്തിട്ടില്ല. പക്ഷേ യഥാർഥ വോട്ടർമാരെ ഇല്ലാതാക്കാൻ കഴിയില്ല. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ ബിജെപി ഓഫീസിൽ നിന്നാണ് തീരുമാനിക്കുന്നത്. അതനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുന്നത്. ഇലക്ഷൻ കമ്മീഷൻ സ്വതന്ത്ര സ്ഥാപനമായാണ് പ്രവർത്തിക്കേണ്ടത്. അല്ലാതെ ബിജെപി കമ്മീഷനായി മാറരുത്''- മമത പറഞ്ഞു.

ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടന്നുകൊണ്ടിരിക്കുകയാണ്. ബിഎൽഒമാർ ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്ത് പൂരിപ്പിച്ച് വാങ്ങണം. ഡിസംബർ ഒമ്പതിനാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

Similar Posts