< Back
India
11 കെ.വി ഇലക്ട്രിക് ലൈന്‍ കുളത്തില്‍ പൊട്ടിവീണു; യു.പിയില്‍ 15 കന്നുകാലികളും, ഉടമയും ഷോക്കേറ്റു മരിച്ചു
India

11 കെ.വി ഇലക്ട്രിക് ലൈന്‍ കുളത്തില്‍ പൊട്ടിവീണു; യു.പിയില്‍ 15 കന്നുകാലികളും, ഉടമയും ഷോക്കേറ്റു മരിച്ചു

Web Desk
|
7 Sept 2021 6:33 PM IST

ഇലക്ട്രിക് കേബിള്‍ പൊട്ടിവീഴുന്ന ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഗ്രാമവാസികള്‍ കുളത്തിനടുത്തേക്ക് ഓടിയെത്തിയത്. ആളുകളെത്തുമ്പോള്‍ ചത്ത കന്നുകാലികള്‍ കുളത്തില്‍ ഒഴുകി നടക്കുകയായിരുന്നു.

11 കെ.വി ഇലക്ട്രിക് ലൈന്‍ കുളത്തില്‍ പൊട്ടിവീണ് 15 കന്നുകാലികളും അവയുടെ ഉടമയും ഷോക്കേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ചിത്തേരി ഗ്രാമത്തില്‍ കുണ്ടാര്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഉടമ ഇംറാത്ത് അലി (30) യെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇലക്ട്രിക് കേബിള്‍ പൊട്ടിവീഴുന്ന ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഗ്രാമവാസികള്‍ കുളത്തിനടുത്തേക്ക് ഓടിയെത്തിയത്. ആളുകളെത്തുമ്പോള്‍ ചത്ത കന്നുകാലികള്‍ കുളത്തില്‍ ഒഴുകി നടക്കുകയായിരുന്നു. കന്നുകാലികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്.

ക്ഷുഭിതരായ പ്രദേശവാസികള്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് പൊലീസ് ഏറെ പണിപ്പെട്ടാണ് ജനങ്ങളെ ശാന്തരാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് കുണ്ടര്‍കി പൊലീസ് എസ്.എച്ച്.ഒ സന്ദീപ് കുമാര്‍ പറഞ്ഞു.

Related Tags :
Similar Posts