
ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
|ചാന്ദ്ബാഗ് സ്വദേശിയായ മുജ്തജിം ഇല്യാസ് മൂസ ഖുറേഷിയാണ് തെലങ്കാനയിലെ ഗായത്രി നഗറിൽ അറസ്റ്റിലായത്.
ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ഓഫീസറായ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിലെ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ്. ചാന്ദ്ബാഗ് സ്വദേശിയായ മുജ്തജിം ഇല്യാസ് മൂസ ഖുറേഷിയാണ് തെലങ്കാനയിലെ ഗായത്രി നഗറിൽ അറസ്റ്റിലായത്. പൊലീസ് റിപ്പോർട്ട് പ്രകാരം 2020 ഫെബ്രുവരി 25 നാണ് അങ്കിത് ശർമ കൊല്ലപ്പെട്ടത്.
അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹം പിറ്റേദിവസമാണ് പൊലീസ് കണ്ടെടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആം ആദ്മി പാർട്ടിയുടെ സിറ്റിങ് കൗൺസിലറായ താഹിർ ഹുസൈൻ അടക്കം 10 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പി.എസ് കുശ്വ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അങ്കിത് ശർമയുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് 52 കുത്തുകൾ ഏറ്റതായി കണ്ടെത്തിയിരുന്നു.
അറസ്റ്റിലായവരെ ചോദ്യം ചെയ്തതോടെയാണ് കേസിൽ ഖുറേഷിയുടെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. 2020 ഫെബ്രുവരി മുതൽ ഒളിവിൽ പോയ ഖുറേഷിയെ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഖുറേഷിയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ആറു മാസമായി ഖുറേഷി തെലങ്കാനയിൽ താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.