
Photo | X/ @fpjindia
ട്രെയിനിലെ ലേഡീസ് കംപാർട്ട്മെന്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു, വനിതാ യാത്രക്കാരെ അസഭ്യം പറഞ്ഞു; യുവാവ് അറസ്റ്റിൽ
|സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
മുംബൈ: ട്രെയിനിലെ ലേഡീസ് കംപാർട്ട്മെന്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും വനിതാ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ വൽസാദ് സ്വദേശിയായ നാഥു ഹൻസ (35) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ 11ന് വിരമനഗരം-ദാദർ ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സംഭവം. ബോറിവലി റെയിൽവേ പൊലീസാണ് പ്രതിയെ പിടികൂടിയത്. സഹോദരിയുടെ വീട്ടിൽ പോകാനായാണ് ഇയാൾ ബാന്ദ്രയിൽ എത്തിയത്. വിരമനഗരം-ദാദർ ഫാസ്റ്റ് ട്രെയിനിന്‍റെ ആദ്യത്തെ ലേഡീസ് കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്ന സന്ധ്യ ഭോസാലെ (32) ആണ് പ്രതിയുടെ വൈറലായ വീഡിയോ റെക്കോർഡ് ചെയ്തത്.
ട്രെയിൻ ബോറിവലി സ്റ്റേഷൻ വിട്ട ഉടൻ, ഏകദേശം 30 വയസ് തോന്നിക്കുന്ന ഒരാൾ തൊട്ടടുത്ത ലഗേജ് കംപാർട്ട്‌മെന്‍റിൽ നിന്ന് ലേഡീസ് കംപാർട്ട്‌മെന്‍റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇയാൾ കംപാർട്ട്‌മെന്‍റിന്‍റെ ജനലിൽ പിടിച്ച് അകത്തുണ്ടായിരുന്ന സ്ത്രീകളെ അസഭ്യം പറയാൻ തുടങ്ങിയെന്നും സന്ധ്യ പരാതിയിൽ പറഞ്ഞു.
കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും തൊഴിൽരഹിതനാണെന്നും പൊലീസ് അറിയിച്ചു.