< Back
India
Man arrested for killing co-worker beef in Uttar Pradesh
India

അറിയാതെ ബീഫ് കഴിക്കാൻ നൽകിയെന്ന് ആരോപിച്ച് സഹപ്രവർത്തകനെ കഴുത്ത് ഞെരിച്ച് കൊന്നു; യുപിയിൽ യുവാവ് അറസ്റ്റിൽ

ഷിയാസ് ബിന്‍ ഫരീദ്
|
3 Feb 2026 10:11 PM IST

ബിഹാർ സ്വദേശിയായ അഫ്താബ് ആലം (31) ആണ് കൊല്ലപ്പെട്ടത്.

ലഖ്നൗ: തന്റെ അറിവില്ലാതെ ബീഫ് കഴിക്കാൻ നൽകിയെന്ന് ആരോപിച്ച് സഹ​പ്രവർത്തകനെ കഴുത്തുഞെരിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ വാരാണസി ജില്ലയിലെ മഹാ​ഗാവിൽ കഴിഞ്ഞമാസമാണ് സംഭവം. ബിഹാർ സ്വദേശിയായ അഫ്താബ് ആലം (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സോലാപൂർ സ്വദേശിയായ വിരേന്ദ്രയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.

കഴിഞ്ഞമാസം എട്ടിനാണ് മ​ഹാ​ഗാവിലെ ആളൊഴിഞ്ഞയിടത്ത് അഫ്താബിന്റെ മൃതദേഹം കണ്ടെത്തിയത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. യുവാവിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാ​ഗമായി ആലമിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ വീരേന്ദ്രയുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതായി കണ്ടെത്തി.

തുടർന്ന് പ്രദേശത്തെ എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവയിലൊന്നിൽ അഫ്താബിനൊപ്പം വീരേന്ദ്ര നിൽക്കുന്നതും കണ്ടു. തുടർന്ന്, വീരേന്ദ്രയെ കസ്റ്റഡിയിലെടുത്ത് നടത്തി ചോദ്യം ചെയ്യലിൽ ഇയാൾ കാര്യങ്ങൾ വിവരിക്കുകയായിരുന്നു.

ഇരുവരും ബം​ഗളൂരുവിലെ ഒരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതായും ഒരു ദിവസം താനറിയാതെ അഫ്താബ് ബീഫ് കഴിക്കാൻ നൽകിയതായും പിന്നീട് സുഹൃത്തുക്കൾക്കിടയിൽ വച്ച് ഇക്കാര്യം പറഞ്ഞ് കളിയാക്കിയതായും വീരേന്ദ്ര ആരോപിച്ചതായി സിന്ദോര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ​ജ്ഞാനേന്ദ്ര കുമാർ ത്രിപാഠി പറഞ്ഞു. ഇതോടെയാണ് അഫ്താബിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു.

തുടർന്ന്, ജനുവരി ഏഴിന് അഫ്താബിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച വീരേന്ദ്ര, തുടർന്ന് ഒരു കൂട്ടാളിയോടൊപ്പം മഹാ​ഗാവിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കയറുപയോ​ഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിയിരുന്നു. പിന്നീട് അഫ്താബിന്റെ അക്കൗണ്ടിൽ നിന്ന് ഇയാൾ തന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുകയുമായിരുന്നെന്ന് എസ്എച്ച്ഒ വ്യക്തമാക്കി.

കൊലയ്ക്കുപയോ​ഗിച്ച കയർ, അഫ്താബിന്റെ ആധാർ കാർഡ്, എടിഎം കാർഡ്, മൊബൈൽ ഫോൺ എന്നിവയും പ്രതിയുടെ പക്കൽനിന്ന് കണ്ടെടുത്തതായും വീരേന്ദ്രയുടെ കൂട്ടാളിയെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

Similar Posts