
പാകിസ്താന് വേണ്ടി ചാരപ്പണി; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ
|വ്യോമസേനയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് സഹ്ദേവ് സിങ് ഗോഹിൽ എന്ന കച്ച് നിവാസി ചോർത്തിയത്
ഗുജറാത്ത്: ഇന്ത്യൻ വ്യോമസേന (ഐഎഎഫ്), അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാകിസ്താൻ ഏജന്റുമായി പങ്കുവെച്ചതിന് ഗുജറാത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പ്രതിയായ സഹ്ദേവ് സിങ് ഗോഹിൽ കച്ച് നിവാസിയും ആരോഗ്യ പ്രവർത്തകനുമായി ജോലി ചെയ്തിരുന്നതായി ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥൻ കെ സിദ്ധാർത്ഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2023ൽ വാട്ട്‌സ്ആപ്പ് വഴിയാണ് 28കാരിയായ അദിതി ഭരദ്വാജ് എന്ന ഏജന്റുമായി സഹ്ദേവ് ബന്ധപ്പെട്ടത്. പുതുതായി നിർമ്മിച്ചതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ ഇന്ത്യൻ വ്യോമസേനയുടെയും ബിഎസ്‌എഫിന്റെയും സൈറ്റുകളുടെ ഫോട്ടോകളും വീഡിയോകളും അയാൾ അവർക്ക് അയച്ചുകൊടുത്തുതായി എടിഎസ് ഉദ്യാഗസ്ഥൻ പറഞ്ഞു. മെയ് 1ന് പ്രാഥമിക അന്വേഷണത്തിനായി സഹ്ദേവിനെ വിളിച്ചുവരുത്തി. അന്വേഷണത്തിൽ പാകിസ്താൻ ഏജന്റ് അദ്ദേഹത്തോട് ഇന്ത്യൻ വ്യോമസേനയുടെയും ബിഎസ്എഫ് സൈറ്റുകളുടെയും ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടതായി എസ്ടിഎഫ് കണ്ടെത്തി.
2025ന്റെ തുടക്കത്തിൽ ഇയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഒരു സിം കാർഡ് വാങ്ങി ഒരു ഒടിപി സഹായത്തോടെ നമ്പറിൽ വാട്ട്‌സ്ആപ്പ് തുടങ്ങുകയും ബിഎസ്എഫുമായും ഐഎഎഫുമായും ബന്ധപ്പെട്ട എല്ലാ ഫോട്ടോകളും വീഡിയോകളും ആ നമ്പറിലേക്ക് അയക്കുകയും ചെയ്തു. വിവരങ്ങൾ പങ്കുവെക്കാൻ ഉപയോഗിച്ച നമ്പറുകൾ പാകിസ്താനിൽ നിന്നാണ് ഉപയോഗിച്ചതെന്ന് ഫോറൻസിക് കണ്ടെത്തി.