< Back
India
അങ്കിൾ എന്ന് വിളിച്ചതിന് പെൺകുട്ടിയെ കടയുടമ ക്രൂരമായി മർദിച്ചു
India

'അങ്കിൾ' എന്ന് വിളിച്ചതിന് പെൺകുട്ടിയെ കടയുടമ ക്രൂരമായി മർദിച്ചു

Web Desk
|
25 Dec 2021 4:14 PM IST

ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. നിഷ അഹമ്മദ് എന്ന പെൺകുട്ടിയാണ് ക്രൂരമർദനത്തിന് ഇരയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

'അങ്കിൾ' എന്ന് വിളിച്ചതിന് പെൺകുട്ടിക്ക് കടയുടമയുടെ ക്രൂരമർദനം. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. നിഷ അഹമ്മദ് എന്ന പെൺകുട്ടിയാണ് ക്രൂരമർദനത്തിന് ഇരയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മോഹിത് കുമാറെന്ന കച്ചവടക്കാരനാണ് പെൺകുട്ടിയെ ക്രൂരമായി മർദിച്ചത്. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 354 (സ്ത്രീയുടെ അന്തസ് തകർക്കുന്ന തരത്തിലുള്ള അക്രമം), സെക്ഷൻ 323 (മനപ്പൂർവ്വം മുറിവേൽപ്പിക്കൽ), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഈ മാസം 19ന് നിഷ അഹമ്മദ് ഇയാളുടെ കടയിൽ നിന്ന് ഒരു ബാഡ്മിന്റൺ റാക്കറ്റ് വാങ്ങിയിരുന്നു. ഇതിന്റെ ചില കണ്ണികൾ പൊട്ടിയതിനെ തുടർന്ന് മാറ്റിവാങ്ങുന്നതിനായാണ് പെൺകുട്ടി കടയിലെത്തിയത്. എന്നാൽ അങ്കിൾ എന്ന് വിളിച്ചതോടെ ഇയാൾ ക്ഷുഭിതനായി പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

നിഷ പ്രവേശിപ്പിച്ച ആശുപത്രി അധികൃതരുടെ പരാതി അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഇടപെടലിനെ തുടർന്ന് നിഷയുടെ പിതാവും മോഹിത് കുമാറിനെതിരെ പരാതി നൽകിയിട്ടുണ്ട്.

Related Tags :
Similar Posts