< Back
India
നവരാത്രി നൃത്തത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വിവരമറിഞ്ഞതോടെ പിതാവും
India

നവരാത്രി നൃത്തത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വിവരമറിഞ്ഞതോടെ പിതാവും

Web Desk
|
3 Oct 2022 3:49 PM IST

കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം.

പൽഘാർ: നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള ​ഗർ​ബ നൃത്തത്തിനിടെ യുവാവ് കുഴ‍ഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്ര പൽഘാർ ജില്ലയിലെ വിരാർ ടൗണിലാണ് സംഭവം.

35കാരനായ മനീഷ് നരപ്ജി സോനി​ഗ്രയാണ് മരിച്ചത്. വിരാറിലെ ​ഗ്ലോബൽ സിറ്റി കോംപ്ലക്സിൽ നൃത്തം ചെയ്യുന്നതിനിടെ കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം.

യുവാവ് കുഴഞ്ഞുവീണ ഉടൻ പിതാവ് നരപ്ജി സോനിപ്ര ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി അവർ പറഞ്ഞു. ഇത് കേട്ടതോടെ 66കാരനായ പിതാവും കുഴഞ്ഞുവീഴുകയും ഉടൻ തന്നെ മരണപ്പെടുകയുമായിരുന്നു.

ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അപകടമരണം രജിസ്റ്റർ ചെയ്തതയും വിരാർ പൊലീസ് അറിയിച്ചു. ‌സെപ്തംബർ എട്ടിന് ജമ്മുവിൽ ​ഗണേശോത്സവത്തോടനുബന്ധിച്ച് നൃത്തം ചെയ്യുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ് കലാകാരൻ മരിച്ചിരുന്നു. ജമ്മുവിലെ ബിഷ്നയിലായിരുന്നു സംഭവം. പാർവതീ വേഷത്തിൽ നൃത്തം ചെയ്ത യോ​ഗേഷ്​ ​ഗുപ്തയെന്ന ആളാണ് മരിച്ചത്.

നൃത്തത്തിന്റെ ഭാഗമായി നിലത്തേയ്ക്ക് വീഴുന്ന യോ​ഗേഷ് ഇരുന്നുകൊണ്ട് ചുവടുകള്‍ കാണിക്കുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.

യോ​ഗേഷ് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എഴുന്നേൽക്കാത്തതു കണ്ട് 'ശിവന്റെ' വേഷം ധരിച്ചയാൾ വേദിയിലെത്തി. തുടർന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും മറ്റുള്ളവരെ സഹായത്തിനായി വിളിക്കുകയും ചെയ്തു.

ആളുകൾ ഓടിവരികയും ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. യോ​ഗേഷ് താഴെ വീണപ്പോൾ കാണികൾ പലരും ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് കരുതുകയായിരുന്നു. അബോധാവസ്ഥയിലാണെന്ന് മനസിലായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.

അതിനു മുമ്പ് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ഗണേശോത്സവത്തിൽ നൃത്തപരിപാടി അവതരിപ്പിക്കുന്നതിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു. കോട്വാലി പ്രദേശത്തുള്ള ബൻഷിഗൗരയിലെ ശിവക്ഷേത്രത്തിൽ ഹനുമാൻ വേഷത്തിൽ കലാപ്രകടനം നടത്തുന്നിതിനിടെ 35കാരനായ ശർമയാണ് മരിച്ചത്. ശർമ വീണപ്പോൾ അത് നൃത്തത്തിന്റെ ഭാഗമാണെന്ന് കരുതി കാണികളാരും കാര്യമാക്കിയില്ല.

എന്നാൽ കുറച്ച് നേരം കഴിഞ്ഞിട്ടും അനക്കമില്ലാതായതോടെയാണ് കാണികളും സംഘാടകരും കലാകാരന്റെ അടുത്ത് പോയി നോക്കിയത്. ഉടൻ തന്നെ അദ്ദേഹത്തെയെടുത്ത് മെയിൻപുരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Similar Posts