
'പുഷ്പ 2' പ്രദർശനത്തിനിടെ വീണ്ടും മരണം; ആന്ധ്രയിൽ 35 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
|ഹരിജന മദന്നപ്പ എന്നയാളാണ് മരിച്ചത്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ 'പുഷ്പ 2' പ്രദർശനത്തിനിടെ വീണ്ടും മരണം. 35 കാരനായ ഹരിജന മദന്നപ്പ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിലീസ് ദിനത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതിയുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് സംഭവം.
അനന്തപൂരിലെ രായദുർഗയിലെ തിയറ്ററിൽ മാറ്റിനി ഷോ കഴിഞ്ഞപ്പോഴായിരുന്നു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാറ്റിനി ഷോ കഴിഞ്ഞ് തിയറ്റർ ശുചീകരിക്കാൻ കയറിയവരാണ് മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാൾ തിയറ്ററിൽ പ്രവേശിച്ചതെന്നും അമിതമായ രീതിയിൽ മദ്യം കഴിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഭാരതീയ ന്യായ സംഹിത നിയമത്തിലെ 194-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡിസംബർ നാലിന് 'പുഷ്പ 2' പ്രീമിയർ പ്രദർശനത്തിനിടെയായിരുന്നു ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. സംഭവത്തിൽ യുവതിയുടെ 13 വയസ്സുള്ള മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ പ്രദർശനത്തിനിടെ അല്ലു അർജുൻ തീയറ്ററിൽ എത്തിയതിനെ തുടര്‍ന്നായിരുന്നു തിരക്കുണ്ടായത്.
സംഭവത്തിൽ അല്ലു അർജുനും തിയറ്റർ മാനേജ്‌മെൻ്റിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. താരം തീയറ്ററിൽ എത്തുന്ന വിവരം പൊലീസിനെ വളരെ വൈകിയാണ് തീയറ്റർ ഉടമകൾ അറിയിച്ചതെന്നും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചിരുന്നു.