< Back
India
മധ്യപ്രദേശില്‍ ആശുപത്രിയിൽ വെച്ച് നഴ്‌സിനെ കഴുത്തറുത്ത് കൊന്നു; വീഡിയോ പകർത്തി നോക്കിനിന്ന് ചുറ്റുമുള്ളവര്‍
India

മധ്യപ്രദേശില്‍ ആശുപത്രിയിൽ വെച്ച് നഴ്‌സിനെ കഴുത്തറുത്ത് കൊന്നു; വീഡിയോ പകർത്തി നോക്കിനിന്ന് ചുറ്റുമുള്ളവര്‍

Web Desk
|
1 July 2025 1:33 PM IST

കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ നഴ്‌സിനെ കഴുത്തറുത്ത് കൊന്നു. നർസിംഗ്പൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 23കാരിയായ സന്ധ്യ ചൗധരിയെന്ന ട്രെയിനി നഴ്‌സാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും ആശുപത്രിയിലുണ്ടായിരുന്ന ജനങ്ങളുടെയും മുന്നിൽ വെച്ചാണ് നഴ്‌സിനെ കൊലപ്പെടുത്തിയത്.എന്നാൽ ചുറ്റുമുണ്ടായിരുന്നവർ ആരും ഇടപെട്ടില്ലെന്നും ചിലർ ദൃശ്യങ്ങൾ പകർത്തി നോക്കി നിന്നെന്നും പൊലീസ് പറയുന്നത്.സന്ധ്യ രക്തം വാര്‍ന്ന് കിടക്കുന്ന സമയത്തും ആളുകള്‍ അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു.കൊലപാതകത്തിന് ശേഷം പ്രതി ബൈക്കില്‍കയറി രക്ഷപ്പെട്ടു. ആശുപത്രിയിലേക്ക് ഓടിക്കയറിയ പ്രതി സന്ധ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പ്രതിയെ പിടികൂടാൻ നഗരം മുഴുവൻ തിരച്ചിൽ നടത്തുകയാണ്. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം കണ്ടെത്താനായിട്ടില്ലെന്നും കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സംഭവ സമയത്ത് ആളുകളുടെ നിലവിളി കേട്ടപ്പോൾ താൻ ഓഫീസിലായിരുന്നുവെന്ന് ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജി.സി. ചൗരസ്യ പറഞ്ഞു. ഞങ്ങളുടെ ആശുപത്രിയിലെ ട്രെയിനി നഴ്സ് സന്ധ്യ രക്തത്തിൽ കുളിച്ച് അനങ്ങാതെ കിടക്കുന്നതാണ് കണ്ടതെന്നും ചൗരസ്യ പറഞ്ഞു.

അതേസമയം, ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആശുപത്രിയിലുണ്ടായിരുന്നവർ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കൊലപാതകി സന്ധ്യയുമായി എന്തോ സംസാരിക്കുന്നതും തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, തടയാൻ ശ്രമിച്ച ഒരു നഴ്‌സിങ് ഓഫീസറെ പ്രതി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. ഇടപെട്ടിരുന്നെങ്കിൽ അയാൾ എന്നെയും കൊല്ലുമായിരുന്നുവെന്ന് നഴ്‌സ് സൂപ്രണ്ട് പറഞ്ഞു.

അതിനിടെ,കൊലപാതകി അഭിഷേക് കോഷ്തി എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്ക് സന്ധ്യയുമായി സൗഹൃദത്തിലായിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. രണ്ടുവർഷമായി പ്രതിയും സന്ധ്യയും പ്രണയത്തിലായിരുന്നുവെന്നും നരസിങ്പൂർ എസ്‍പി മൃഗഖി ദേക പറഞ്ഞു.

Similar Posts