< Back
India
യുവാവിന്‍റെ കൊലപാതകം: സഹോദരിയും ആണ്‍സുഹൃത്തും അറസ്റ്റില്‍
India

യുവാവിന്‍റെ കൊലപാതകം: സഹോദരിയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Web Desk
|
12 Sept 2022 9:47 PM IST

യുവാവ് സഹോദരിയുടെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം. യുവാവ് സഹോദരിയുടെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

21കാരനായ രോഹിത് കുമാറിന്റെ മൃതദേഹം സഹോദരി ചഞ്ചല കുമാരി ഒറ്റയ്ക്ക് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ പൊലീസ് പുറത്തെടുത്തു. ചഞ്ചല കുമാരിയെയും ആണ്‍സുഹൃത്ത് സോനുവിനെയും അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ബിരേന്ദ്ര കുമാർ ചൗധരി പറഞ്ഞു. ചഞ്ചല കുമാരി കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു.

ചഞ്ചല കുമാരിയുടെ പിതാവ് നരേഷ് മെഹ്തോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാഞ്ചിയിലെ ചൂടിയയിൽ താമസിക്കുന്ന മകനെ മകൾ രാംഗഡിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്നാലെ മകനെ കുറിച്ച് ഒരു വിവരവുമില്ലെന്നുമായിരുന്നു പരാതി. മകൾ സഹോദരനെ കൊലപ്പെടുത്തിയതാണെന്നും പിതാവ് പൊലീസിനോട് പറയുകയുണ്ടായി.

തുടര്‍ന്ന് ചൂടിയ പൊലീസ് ചഞ്ചല കുമാരിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്ന് ചഞ്ചല കുമാരി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം എവിടെയാണെന്ന് ചഞ്ചല കുമാരി തന്നെയാണ് വെളിപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

Related Tags :
Similar Posts