< Back
India
odisha murder

പ്രതീകാത്മക ചിത്രം

India

ജയിലില്‍ നിന്നിറങ്ങിയ മകന്‍ 95കാരിയായ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു

Web Desk
|
3 Oct 2023 8:10 AM IST

ശനിയാഴ്ച രാത്രിയാണ് സമീര്‍ ഈ ക്രൂരകൃത്യം ചെയ്തത്

കാണ്ഡമാല്‍: ഒഡിഷയില്‍ ഒരാഴ്ച മുന്‍പ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ മകന്‍ 95കാരിയായ അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കാണ്ഡമാലിലെ ടികബാലി പൊലീസ് പരിധിയിലെ ബാഡിമുണ്ട ഖജുരിസാഹിയിലെ താമസക്കാരിയായ മഞ്ജുള നായകാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സമീറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് സമീര്‍ ഈ ക്രൂരകൃത്യം ചെയ്തത്. ഞായറാഴ്ച പുലർച്ചെ സമീർ തടികൊണ്ടുള്ള ഫർണിച്ചറുകളും വിറകുകളും ഉപയോഗിച്ച് അമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തിച്ചു.സംഭവമറിഞ്ഞ അയൽവാസികൾ ഇടപെടാൻ ശ്രമിച്ചെങ്കിലും അനന്തരഫലം ഭയന്ന് വിട്ടുനിന്നു.എന്നാൽ, അവർ ലോക്കൽ പൊലീസിൽ വിവരമറിയിക്കുകയും ഗ്രാമത്തിലെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. മഞ്ജുളയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഒരാഴ്ച മുമ്പാണ് സമീര്‍ നായക് ജയില്‍ മോചിതനായതെന്ന് പൊലീസ് പറഞ്ഞു. രാത്രി ഇരുവരും വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ ചില വീട്ടു പ്രശ്‌നങ്ങളുടെ പേരില്‍ മഞ്ജുളയുമായി വഴക്കുണ്ടായി. പ്രകോപിതനായ സമീര്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ വീട്ടിനുള്ളില്‍ തീകൊളുത്തുകയുമായിരുന്നുവെന്നാണ് സംശയിക്കുന്നത്.കുറ്റം സമ്മതിച്ച മകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ടികാബലി പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ കല്യാണ്‍മയി സേന്ദ പറഞ്ഞു.

Similar Posts