
ടെമ്പോയുടെ മുൻ സീറ്റിൽ ഇരിക്കാൻ സമ്മതിച്ചില്ല; മകൻ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി
|പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ടെമ്പോയുടെ മുൻ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകൻ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കൻ ഡൽഹിയിലെ തിമാർപൂർ മേഖലയിലാണ് സംഭവം. 26കാരനായ ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽ നിന്നും തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിന് സമീപത്തായിരുന്നു സംഭവം. സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടറായ സുരേന്ദ്ര സിങ് (60) ആണ് വെടിയേറ്റ് മരിച്ചത്. സ്വദേശമായ ഉത്തരാഖണ്ഡിലേക്ക് പോകുന്നതിനായാണ് സുരേന്ദ്ര സിങും കുടുംബവും ടെംമ്പോ വാടകക്കെടുത്തത്.
ആറ് മാസം മുമ്പാണ് സുരേന്ദ്ര സിങ് സിഐഎസ്എഫിൽ നിന്ന് വിരമിച്ചത്. തുടർന്ന് ഉത്തരാഖണ്ഡിലെ ജന്മസ്ഥലത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. വാഹനത്തിന് പിന്നിൽ സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ സുരേന്ദ്ര സിങ് ടെമ്പോയുടെ മുൻസീറ്റിൽ ഇരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന മകൻ അച്ഛനുമായി തർക്കിക്കുകയും ഒടുവിൽ പിതാവിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.