< Back
India
Hotel Owner Shot Dead For Serving Non-Veg Biryani To Vegetarian Customer
India

സ്വകാര്യതയ്ക്ക് തടസം; കാമുകിയുടെ ഏഴുവയസുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് യുവാവ്

Web Desk
|
30 Oct 2025 3:28 PM IST

തങ്ങളുടെ ബന്ധത്തിന് കുഞ്ഞ് തടസമാണെന്ന് കാണിച്ച് കുട്ടിയെ ഹോസ്റ്റലില്‍ ചേര്‍ക്കാന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നു

ബംഗളൂരു: കാമുകിയുടെ ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ക്ക് കുട്ടി തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് 26കാരനായ യുവാവിന്റെ ക്രൂരത. പ്രതി ദര്‍ശന്‍ കുമാര്‍ യാദവിനെ കുമ്പളഗുഡു പൊലീസ് കസ്റ്റഡിയിലെടുത്തു.

രാമാസാന്ദ്രയിലെ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട സിരി എസ്. സ്വകാര്യ സ്ഥാപനത്തില്‍ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായ അമ്മ ശില്‍പയക്കും വളര്‍ത്തമ്മയ്ക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ തിങ്കളാഴ്ചയാണ് പിടികൂടിയത്.

ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിക്കുന്ന ശില്‍പയും ദര്‍ശന്‍ കുമാറും തമ്മില്‍ പ്രണയത്തിലായിരുന്നു. ഓഗസ്റ്റില്‍ വളര്‍ത്തമ്മ മരിച്ചതോടെ ശില്‍പയും സിരിയും വീട്ടില്‍ തനിച്ചായി. തങ്ങളുടെ ബന്ധത്തിന് കുഞ്ഞ് തടസമാണെന്ന് പറഞ്ഞ് സിരിയെ ബോര്‍ഡിങില്‍ ചേര്‍ക്കാന്‍ ദര്‍ശന്‍ ശില്‍പയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ശില്‍പ വഴങ്ങിയില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നതും ശാരീരിക ഉപദ്രവങ്ങളടക്കം പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടുപേരെയും കൊലപ്പെടുത്തുമെന്നടക്കം ദര്‍ശന്‍ ഭീഷണിപ്പെടത്തിയിരുന്നു.

ഒക്ടോബര്‍ 23ന് ദര്‍ശന്‍ ശില്‍പയുടെ വീട്ടില്‍ രാത്രി തങ്ങിയിരുന്നു. പിറ്റേദിവസം ശില്‍പ ജോലിക്ക് പോയതോടെ സിരിയെ ദര്‍ശന്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അതേ ദിവസം വൈകുന്നേരത്തോടെ ശില്‍പയെ വിളിച്ച് എത്രയും പെട്ടന്ന് വീട്ടിലേക്ക് വരണമെന്ന് അറിയിക്കുകയായിരുന്നു. ഫോണിലൂടെ സിരിയുടെ കരച്ചില്‍ കേട്ടതായി ശില്‍പ മൊഴി നല്‍കിയിട്ടുണ്ട്. വീട്ടിലെത്തിയ ശില്‍പയെയും ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ടു.

രക്ഷപെട്ട് പുറത്തുകടന്ന ശില്‍പ കണ്ടത് രക്തത്തില്‍ കുളിച്ച് ചലനമറ്റ് കിടക്കുന്ന മകളെയാണ്. കുഞ്ഞിന്റെ തല നിരവധി തവണ തറയില്‍ ഇടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴി നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

Similar Posts