< Back
India
Man leaves bodies of wife son in mortuary to attend SIR hearing in Bengal
India

എസ്ഐആർ ഹിയറിങ്ങിന് പോകവെ അപകടം, ഭാര്യക്കും കു‍ഞ്ഞിനും ദാരുണാന്ത്യം; മൃതദേഹം മോർച്ചറിയിലാക്കി ഹാജരാകാൻ നിർബന്ധിതനായി യുവാവ്

ഷിയാസ് ബിന്‍ ഫരീദ്
|
8 Feb 2026 6:58 PM IST

മുഹമ്മദ് യാസീൻ അൻസാരിയെന്ന യുവാവിനാണ് ഭാര്യയെയും ഒമ്പത് മാസം പ്രായമായ കുഞ്ഞിനേയും‌ നഷ്ടമായത്.

കൊൽക്കത്ത: രാജ്യത്ത് വോട്ടർ പട്ടിക തീവ്രപരിഷ്കരണ പ്രക്രിയ മൂലമുള്ള മരണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമായിരിക്കെ മറ്റൊരു ദാരുണസംഭവം കൂടി. പശ്ചിമബം​ഗാളിലെ മാൽഡയിൽ എസ്ഐആർ ഹിയറിങ്ങിന് പോകവെ വാഹനാപകടത്തിൽ യുവതിയും മകനും മരിച്ചു. എന്നാൽ ഇരുവരുടെയും മൃതദേഹം മോർച്ചറിയിലാക്കി എസ്ഐആർ ഹിയറിങ്ങിന് ഹാജരാവാൻ‍ നിർബന്ധിതനായി ഭർത്താവായ യുവാവ്. വെള്ളിയാഴ്ചയാണ് സംഭവം.

മുഹമ്മദ് യാസീൻ അൻസാരിയെന്ന യുവാവിനാണ് ഭാര്യയെയും മകനേയും നഷ്ടമായത്. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് എസ്ഐആർ ഹിയറിങ് കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു യാസീനും ഭാര്യ ഹലീമ ഖാത്തൂനും കുഞ്ഞും. ബസ് സ്റ്റാൻഡിലേക്കുള്ള വഴിമധ്യേ, ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഭാര്യ തത്ക്ഷണം മരിക്കുകയും ​ഗുരുതര പരിക്കേറ്റ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ അധികംതാമസിയാതെ കുഞ്ഞും മരണത്തിന് കീഴടങ്ങി.

എന്നാൽ, മുഹമ്മദ് യാസീന് ഹിയറിങ്ങിന് ഹാജരാകുന്നതിൽ നിന്ന് ഇളവ് ലഭിച്ചില്ല. ഇതോടെ പ്രിയതമയുടെയും പൊന്നോമനയുടേയും മൃതദേഹം മോർച്ചറിയിലാക്കി യാസീൻ ഹിയറിങ് സെന്ററിലെത്തുകയായിരുന്നു. കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് തനിക്ക് സംഭവിച്ച നഷ്ടത്തിന് ഉത്തരവാദികളെന്ന് മുഹമ്മദ് യാസീൻ കുറ്റപ്പെടുത്തി. ഫോമിലെ പൊരുത്തക്കേടുകൾ കാരണമാണ് മുഹമ്മദ് യാസിനും കുടുംബത്തിനും നോട്ടീസ് അയച്ചതെന്നാണ് ഉദ്യോ​ഗസ്ഥ ഭാഷ്യം.

'ഫോം കൃത്യമായി പൂരിപ്പിച്ചു നൽകിയിരുന്നെങ്കിലും ഹിയറിങ്ങിന് ഹാജരാവാൻ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഇവിടെയെത്താനുള്ള യാത്രയിലാണ് എനിക്ക് ഭാര്യയെയും കുഞ്ഞിനേയും നഷ്ടമായത്. ഇവിടെത്താൻ പറ‍ഞ്ഞില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല'- യാസീ‍ൻ കൂട്ടിച്ചേർത്തു.

സംഭവത്തിൽ, കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് രം​ഗത്തെത്തി. ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും അവരുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്ന രീതിയെ ശക്തമായി അപലപിക്കുന്നതായി മാൾഡ യൂത്ത് തൃണമൂൽ പ്രസിഡന്റ് പ്രസേൻജിത് ദാസ് പറഞ്ഞു.

എസ്‌ഐആറിനെച്ചൊല്ലി ടിഎംസിയും ബിജെപിയും തർക്കം രൂക്ഷമായിരിക്കെ പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രിംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചിരുന്നു. എസ്‌ഐആർ ചോദ്യം ചെയ്ത് നൽകിയ പുതിയ ഹരജിയിലാണ് മമത ബുധനാഴ്ച സുപ്രിംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എസ്‌ഐആറിന്റെ പേരിൽ ബംഗാളിനെ ലക്ഷ്യമിടുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബം​ഗാളിനെ ലക്ഷ്യം വച്ച് മനഃപൂർവ്വം രൂപകൽപ്പന ചെയ്തതാണ് എസ്ഐആറെന്നും മമത ആരോപിച്ചു. എസ്ഐആർ സമ്മർദം താങ്ങാനാവാതെ ബിഎൽഒമാർ ഉൾപ്പടെ 150ലധികം പേർ മരിച്ചെന്നും അവർ ചൂണ്ടിക്കാട്ടി.

എസ്‌ഐആറിൽ ആധാർ കാർഡ് രേഖയായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ മമത എന്തുകൊണ്ടാണ് അസമിൽ എസ്‌ഐആർ നടപ്പാക്കാത്തതെന്നും ചോദിച്ചു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ആണിതെന്നും മമത പറഞ്ഞു. ഹരജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും. രണ്ട് ദിവസത്തിനുള്ളിൽ മമമത ബാനർജി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Similar Posts