< Back
India
ഹൈദരാബാദിൽ ദുരഭിമാനക്കൊല; പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് തല്ലിക്കൊന്നു
India

ഹൈദരാബാദിൽ ദുരഭിമാനക്കൊല; പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് തല്ലിക്കൊന്നു

Web Desk
|
5 May 2022 10:53 AM IST

കൊലക്ക് പിന്നിൽ ഭാര്യയുടെ വീട്ടുകാരാണെന്ന് പൊലീസ്

ഹൈദരാബാദ്: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യയുടെ വീട്ടുകാർ തല്ലിക്കൊന്നു. ബുധനാഴ്ച രംഗറെഡ്ഡി ജില്ലയിലെ മാർപള്ളി സ്വദേശിയായ വില്ലുപുരം നാഗരാജ് (25) എന്നയാളാണ് കൊല്ലപ്പെട്ടത്. നാഗരാജിന്റെ ഭാര്യയുടെ സഹോദരനടക്കം ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

കോളജ് കാലം മുതൽ പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്‌റിൻ സുത്താന (പല്ലവി) യും ജനുവരി 31 നാണ് വിവാഹിതരായത്. ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും വിവാഹം ചെയ്തത്. ഓൾഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.

ബുധനാഴ്ച രാത്രി ഇരുവരും ബൈക്കിൽ സരോനഗറിലേക്ക് പോകുമ്പോൾ സരൂർനഗറിലെ മണ്ഡല് റവന്യൂ ഓഫീസിന് സമീപത്തെത്തിയപ്പോൾ അജ്ഞാതര്‍ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെയാണ് നാഗരാജുവിനെ കൊലപ്പെടുത്തിയത്. മറ്റ് യാത്രക്കാർ ഇരുവരെയും ആശുപത്രയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നാഗരാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ആക്രമണത്തിൽ ഭാര്യക്കും പരിക്കേറ്റു.

വിവരമറിഞ്ഞ് സരൂർനഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദുരഭിമാനക്കൊലയാണെന്നും യുവതിയുടെ കുടുംബാംഗങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ശ്രീധർ റെഡ്ഡി പറഞ്ഞു.


Similar Posts