
ഇരട്ടക്കൊലക്കേസ് പ്രതിയെ വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്
|പിടിയിലായ അയ്യനാർ നേരത്തെയും കൊലപാതക കേസുകളിൽ പ്രതിയായിട്ടുണ്ട്
സേലം: ഇരട്ടക്കൊലക്കേസ് പ്രതിയെ കാലിൽ വെടിവെച്ചുവീഴ്ത്തി അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. 55-കാരനായ സി.അയ്യനാർ ആണ് അറസ്റ്റിലായത്. ഈ ആഴ്ച ആദ്യത്തിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാലിന് വെടിവെക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. പിടിയിലായ അയ്യനാർ കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നും ഇതിൽ പലതിലും ഇയാൾ ശിക്ഷിക്കപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു.
പെരിയമ്മാൾ, പവയീ എന്നീ രണ്ട് സ്ത്രീകളെ തിങ്കളാഴ്ച കന്നുകാലികളെ മേയ്ക്കാൻ പുറത്ത് പോയതായിരുന്നു. ഇവർ തിരിച്ചു വീട്ടിലെത്തിയില്ല. ചൊവ്വാഴ്ച ഗ്രാമത്തിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പവൻ വരുന്ന ഇവരുടെ കമ്മലുകൾ മോഷണം പോയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസിന് പ്രതി അയ്യനാരാണെന്ന് വ്യക്തമായി. കമലാപുരം സ്വദേശിയായ ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
വെള്ളിയാഴ്ച പുലർച്ചെ ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ സെന്തിൽ കുമാറിന്റെ നേതൃത്വത്തിൽ മഗുഡഞ്ചവാടി പൊലീസ് ശങ്കരിക്കടുത്തുള്ള ഒരുക്കമലയിലേക്ക് പോയി, അവിടെ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് വളഞ്ഞപ്പോൾ, സബ് ഇൻസ്‌പെക്ടർ കണ്ണനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി, ഇൻസ്‌പെക്ടർ സെന്തിൽ കുമാറിനെയും കോൺസ്റ്റബിൾ കാർത്തികേയനെയും കുത്താൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
രക്ഷപ്പെടാതിരിക്കാൻ ഇൻസ്‌പെക്ടർ സെന്തിൽ കുമാർ അയ്യനാരുടെ വലതുകാലിൽ വെടിവച്ചു. പരിക്കേറ്റ പ്രതിയെ സേലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സബ് ഇൻസ്‌പെക്ടറുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതി നിരവധി കൊലപാതക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2000-ൽ മൂന്ന് കൊലപാതക കേസുകളും 2004-ൽ രണ്ട് കൊലപാതക കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളിൽ നിർണായക തെളിവുകളുടെ അഭാവത്തിൽ വെറുതെവിടുകയായിരുന്നു.
2004-ലെ കൊലപാതക കേസുകളിൽ അയ്യനാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ശിക്ഷയിൽ ഇളവ് ലഭിച്ച അയ്യനാർ 2018 സെപ്റ്റംബറിൽ ജയിൽ മോചിതനാവുകയായിരുന്നു.