< Back
India
മംഗളൂരു സംഘ്പരിവാർ ആൾക്കൂട്ടക്കൊല: കൊല്ലപ്പെട്ട വ്യക്തി പാകിസ്താന്‍ സിന്ദാബാദ് പറഞ്ഞു എന്നത് തന്റെ പ്രസ്താവനയല്ല; തിരുത്തി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര
India

മംഗളൂരു സംഘ്പരിവാർ ആൾക്കൂട്ടക്കൊല: 'കൊല്ലപ്പെട്ട വ്യക്തി പാകിസ്താന്‍ സിന്ദാബാദ് പറഞ്ഞു എന്നത് തന്റെ പ്രസ്താവനയല്ല'; തിരുത്തി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര

Web Desk
|
30 April 2025 2:37 PM IST

ക്രിക്കറ്റ് കളിക്കാരെയും കാഴ്ചക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് മന്ത്രി പറഞ്ഞു

ബെംഗളൂരു: മംഗളൂരു സംഘ്പരിവാർ ആൾക്കൂട്ട കൊലപാതകത്തിലെ പ്രസ്ഥാവന തിരുത്തി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. കൊല്ലപ്പെട്ട വ്യക്തി പാകിസ്താന്‍ സിന്ദാബാദ് പറഞ്ഞു എന്നത് തന്റെ പ്രസ്താവനയല്ലെന്നും ആൾക്കൂട്ട സംഘത്തിലെ ചിലർ പൊലീസിനോട് പറഞ്ഞ കാര്യമാണിതെന്നും ജി. പരമേശ്വര പറഞ്ഞു.

നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയുകയുള്ളു. കൊല്ലപ്പെട്ടയാളുടെ പശ്ചാത്തലവും അന്വേഷിച്ചുവരികയാണ്. ക്രിക്കറ്റ് കളിക്കാരെയും കാഴ്ചക്കാരെയും ചോദ്യം ചെയ്തുവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലെയാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് മംഗളൂരു കുഡുപ്പിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 25ൽ അധികം പേരാണ് അഷ്റഫിനെ മർദിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിൽ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കുടുപ്പു സ്വദേശി സച്ചിനാണ് ആക്രമണം തുടങ്ങിയത്. പിന്നീട് ക്രിക്കറ്റ് കളിക്കാനും കളി കാണാൻ എത്തിയവരും കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. സംഘ്പരിവാർ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീർ കാട്ടിപ്പള ആരോപിച്ചു.

ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം.


Similar Posts