< Back
India
മംഗളൂരുവിൽ പള്ളി സെക്രട്ടറിയെ വെട്ടിക്കൊന്ന കേസ്;  15 പേർക്കെതിരെ കേസ്
India

മംഗളൂരുവിൽ പള്ളി സെക്രട്ടറിയെ വെട്ടിക്കൊന്ന കേസ്; 15 പേർക്കെതിരെ കേസ്

Web Desk
|
28 May 2025 3:55 PM IST

കൊല്ലപ്പെട്ട യുവാവിന് രാഷ്ട്രീയ പാർട്ടി ബന്ധങ്ങളോ കുറ്റകൃത്യ പശ്ചാത്തലമോ ഇല്ലെന്ന് പൊലീസ് അറിയിച്ചു

മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോൾട്ട്മജലു ജുമാ മസ്ജിദ് സെക്രട്ടറിയും മണൽത്തൊഴിലാളിയും പിക്കപ്പ് ലോറി ഡ്രൈവറുമായ അബ്ദുൽ റഹിമാനെ (38) കൊലപ്പെടുത്തിയ കേസിൽ 15 പേർക്കെതിരെ കേസ്. കൊല്ലപ്പെട്ട യുവാവിനൊപ്പമുണ്ടായിരുന്ന പരിക്കേറ്റ ഇംതിയാസ് എന്ന കലന്തർ ഷാഫി, ദൃക്സാക്ഷി മുഹമ്മദ് നിസാർ എന്നിവരുടെ മൊഴി അടിസ്ഥാനമാക്കിയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി വിജയ് പ്രകാശ് പറഞ്ഞു.

അബ്ദുറഹ്മാന്റെ പരിചയക്കാരായ ദീപക്, സുമിത് ഉൾപ്പെടെയുള്ളവരും പ്രതികളാണ്. സാമുദായികമോ വ്യക്തിവൈരാഗ്യമോ ആവാം അക്രമത്തിന് പിന്നിൽ എന്നാണ് പൊലീസിന് ലഭിച്ച സൂചന.

കൊല്ലപ്പെട്ട യുവാവിന് രാഷ്ട്രീയ പാർട്ടി ബന്ധങ്ങളോ കുറ്റകൃത്യ പശ്ചാത്തലമോ ഇല്ലെന്ന് പൊലീസ് അറിയിച്ചു. അക്രമികളുടെ സംഘടനാ ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാജീവി എന്നയാളുടെ വീടിനടുത്ത് പിക്കപ്പ് ലോറിയിൽ നിന്ന് റഹ്മാനും ഇംതിയാസ് ഷാഫിയും മണൽ ഇറക്കുമ്പോൾ ഇരുവർക്കും പരിചയമുള്ള ദീപക്, സുമിത് എന്നിവരെത്തി റഹ്മാനെ വലിച്ചിറക്കി വാളുകൾ, കത്തികൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഇടപെടാൻ ശ്രമിച്ച ഷാഫിയുടെ നെഞ്ചിലും പുറകിലും കൈകളിലും കുത്തേറ്റു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടുന്നതിനിടെ അക്രമികൾ ആയുധങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. റഹ്മാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷാഫി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കേസ് അന്വഷണത്തിന് ഡിവൈഎസ്പി വിജയ് പ്രകാശിന്റെ നേതൃത്വത്തിൽ അഞ്ച് പൊലീസ് സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിന്റേയും ബണ്ട്വാൾ റൂറൽ പൊലീസിന്റെയും ഏകോപനത്തോടെയാണ് അന്വഷണം നടത്തുന്നത്. എസ്കെഎസ്എസ്എഫ് പ്രവർത്തകൻ കൂടിയാണ് അബ്ദുൽ റഹിമാന്റെ മൃതദേഹം മംഗളൂരു ദേർളക്കട്ടയിലെ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കുത്താർ മദനി നഗർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.



മൃതദേഹം  കുത്താർ മദനി നഗർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാനെത്തിച്ച​പ്പോൾ

മൃതദേഹം കുത്താർ മദനി നഗർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാനെത്തിച്ച​പ്പോൾ

Related Tags :
Similar Posts