India
Manipur video; Nongpong sekmai police station accused of inaction
India

കുകി യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; വീഴ്ചകൾ വരുത്തിയത് നോങ്‌പോക് സെക്മായി പൊലീസ്

Web Desk
|
23 July 2023 8:53 AM IST

മേയ് 18ന് കാങ്പോക്പി സൈകുൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സീറോ എഫ്‌ഐആറിൽ, നോങ്പോക് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തത് ജൂൺ 21 ന് വൈകുന്നേരമാണ്

ഇംഫാൽ: മണിപ്പൂരിൽ കുകി യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഗുരുതര വീഴ്ചകൾ വരുത്തിയത് നോങ്പോക് സെക്മായി പൊലീസ് സ്റ്റേഷൻ. മേയ് 18ന് കാങ്പോക്പി സൈകുൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സീറോ FIRൽ, നോങ്പോക് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തത് ജൂൺ 21 ന് വൈകുന്നേരമാണ്.

മെയ് 18ന് തൗബാൽ ജില്ലയിലെ നോങ്‌പോക് സെക്മായി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടക്കുന്നത്. ഈ ദിവസം തന്നെ കാങ്‌പോക്പി സൈകുൽ പൊലീസ് സ്റ്റേഷനിൽ പരാതിയെത്തി. ഇവിടെ രജിസ്റ്റർ ചെയ്ത സീറോ എഫ്‌ഐആർ അന്നു തന്നെ നോങ് പോങ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ ഈ സ്റ്റേഷനിൽ ഇത് രജിസ്റ്റർ ചെയ്തത് ഏകദേശം ഒരു മാസത്തിന് ശേഷമാണ്.

മെയ്‌തെയ് വിഭാഗത്തിൽപ്പെട്ടവർ തങ്ങളുടെ ഗ്രാമം ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി എന്ന് കാട്ടി ബിപൈന്യം ഗ്രാമത്തലവൻ താങ്‌ബോയ് വാഫെയ് ആണ് ആദ്യമായി കാങ്പോക്പി സൈകുൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. മാരകായുധങ്ങളുമായി ഗ്രാമത്തിലെത്തിയ സംഘം വീടുകൾക്ക് തീയിടുകയും കന്നുകാലികളെ ചുട്ടുകൊല്ലുകയും ചെയ്തുവെന്നും ശേഷം സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

പൊലീസിൽ നിന്നും പിടിച്ചു വാങ്ങിയാണ് അക്രമിസംഘം സ്ത്രീകളെ ഉപദ്രവിച്ചത്. മൂന്ന് സ്ത്രീകളിൽ ഒരാളെ ക്രൂരബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ കാണേണ്ട പരാതിയായിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ പ്രതികളെ കണ്ടെത്താനോ നോങ്‌പോക് സെക്മായി പൊലീസ് സ്റ്റേഷൻ വിമുഖത കാട്ടി.ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു.

മണിപ്പൂരിൽ ഇന്റർനെറ്റ് കണക്ഷൻ ഭാഗികമായി പുനസ്ഥാപിക്കപ്പെട്ടതോടെയാണ് അതിക്രമത്തിന്റെ വീഡിയോ പുറത്തെത്തുന്നതും സംഭവം അന്താരാഷ്ട്ര തലത്തിലടക്കം ചർച്ചയാകുന്നതും. സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ ആറു പേർ അറസ്റ്റിലായിട്ടുണ്ട്.

അതേസമയം മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വീണ്ടും മണിപ്പൂർ സർക്കാരിന് കത്തെഴുതി. ഇന്നലെ മണിപ്പൂർ സന്ദർശിക്കാൻ അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന വിഡിയോയെ കുറച്ച് സൈബർ സെല്ല് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts