< Back
India
തലയ്ക്ക് ഒരു കോടി വിലയിട്ടയാള്‍ ഉൾപ്പെടെ ജാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു
India

തലയ്ക്ക് ഒരു കോടി വിലയിട്ടയാള്‍ ഉൾപ്പെടെ ജാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

Web Desk
|
21 April 2025 11:55 AM IST

സിആർപിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേർന്നായിരുന്നു ദൗത്യം

റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോവാദികളെ വധിച്ചു.

തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മുതിർന്ന കമാൻഡർ പ്രയാഗ് മാഞ്ചി(വിവേക്) എന്ന മാവോവാദിയും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്യുന്നു.

സിആർപിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേർന്നായിരുന്നു ദൗത്യം. ലാൽപാനിയ പ്രദേശത്തെ ലുഗു കുന്നുകളിൽ പുലർച്ചെ 5.30 ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. മാവോവാദികളിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നല്‍കുന്ന വിവരം. 2025 അവസാനത്തോടെ സംസ്ഥാനത്തെ പൂർണ്ണമായും മാവോയിസ്റ്റ് മുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജാർഖണ്ഡ് പൊലീസിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം 244 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഈ ഓപ്പറേഷന് മുമ്പുള്ള ഏറ്റുമുട്ടലുകളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, നാല് സോണൽ കമാൻഡർമാർ, ഒരു സബ് ജനറൽ കമാൻഡർ, മൂന്ന് ഏരിയ കമാൻഡർമാർ എന്നിവരുൾപ്പെടെ 24 മാവോയിസ്റ്റുകൾ കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർന്നതായും പൊലീസ് വ്യക്തമാക്കുന്നു.

Similar Posts