< Back
India
അതിജീവിതയെ പ്രതി വിവാഹം കഴിച്ചാലും പോക്‌സോ കേസ് നിലനിൽക്കും; സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
India

അതിജീവിതയെ പ്രതി വിവാഹം കഴിച്ചാലും പോക്‌സോ കേസ് നിലനിൽക്കും; സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

Web Desk
|
1 May 2025 10:32 AM IST

വിവാഹമെന്ന പ്രതിരോധം സ്വീകരിക്കുന്നത് പോക്സോ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ദുർബലപ്പെടുത്തുമെന്നും കോടതി

ചെന്നൈ: പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. അതിജീവിതയെ പ്രതി വിവാഹം ചെയ്താലും പ്രായപൂർത്തിയാകാത്തപ്പോൾ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലുള്ള കുറ്റം നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പോക്‌സോ കേസുകളിൽ വിവാഹം പരിഹാരമല്ല. പരസ്പര സമ്മതത്തോടെ എന്ന വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

"പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമായി കണക്കാക്കണം. പ്രതികളെ ശിക്ഷിക്കാതെ വിട്ടാൽ നിയമത്തിന് പിന്നിലെ ലക്ഷ്യം പരാജയപ്പെടും. അതിജീവിതയുമായി പ്രതി പ്രണയത്തിലായാലും പിന്നീട് വിവാഹം കഴിച്ചാലും പോക്‌സോ കുറ്റം നിലനിൽക്കും. വിവാഹമെന്ന പ്രതിരോധം സ്വീകരിക്കുന്നത് പോക്സോ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ദുർബലപ്പെടുത്തും," കോടതി വ്യക്തമാക്കി.

പതിനേഴു വയസ്സുള്ള പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് 22 കാരനായ യുവാവിന് പത്ത് വർഷം തടവ് വിധിച്ചുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന പ്രസ്താവന. യുവാവും പെൺകുട്ടിയും അയൽവാസികളായിരുന്നു. ഇവർ പ്രണയത്തിലായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. പെൺകുട്ടിയെ മറ്റൊരു വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചതോടെ ഇരുവരും മൈസൂരിലേക്ക് പോയിരുന്നു.

എന്നാൽ സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആവാത്തതിനാൽ പോക്‌സോ കേസ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതിനാലാണ് യുവാവിന് ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ചത്. നീലഗിരി ജില്ലയിലെ വെല്ലിങ്‌ടൻ പൊലീസ് സമർപ്പിച്ച ‌അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

Similar Posts