< Back
India
പെൺകുട്ടി വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപണം; ചണ്ഡിഗഢ് സർവകലാശാലയിൽ സംഘർഷം
India

പെൺകുട്ടി വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപണം; ചണ്ഡിഗഢ് സർവകലാശാലയിൽ സംഘർഷം

Web Desk
|
18 Sept 2022 2:45 PM IST

അറസ്റ്റിലായ പെൺകുട്ടി ഏകദേശം അറുപതോളം വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഈ ദൃശ്യങ്ങൾ ഷിംലയിലെ ആൺസുഹൃത്തിന് അയച്ചുനൽകി. ഇയാളാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതെന്നാണ് ആരോപണം.

ന്യൂഡൽഹി: വനിതാ ഹോസ്റ്റലിലെ കുളിമുറിദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണത്തെ തുടർന്ന് ചണ്ഡിഗഢ് സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം വർഷ എംബിഎ വിദ്യാർഥിയായ പെൺകുട്ടിയെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹോസ്റ്റലിലെ സ്വകാര്യദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി ചണ്ഡിഗഢ് സർവകലാശാലയിലെ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയത്. രാത്രി വൈകിയും പ്രതിഷേധവുമായി വിദ്യാർഥികൾ കാമ്പസിൽ നിലയുറപ്പിച്ചതോടെ പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

അറസ്റ്റിലായ പെൺകുട്ടി ഏകദേശം അറുപതോളം വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഈ ദൃശ്യങ്ങൾ ഷിംലയിലെ ആൺസുഹൃത്തിന് അയച്ചുനൽകി. ഇയാളാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതെന്നാണ് ആരോപണം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടികൾ പരാതിയുമായി ഹോസ്റ്റൽ വാർഡനെ സമീപിച്ചത്.

വീഡിയോ പ്രചരിച്ചെന്ന വിവരമറിഞ്ഞ് കാമ്പസിലെ ഒരു വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പൊലീസും സർവകലാശാല അധികൃതരും ഇക്കാര്യം നിഷേധിച്ചു. ഒരു പെൺകുട്ടി കുഴഞ്ഞുവീണതാണെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു സർവകലാശാല അധികൃതരുടെ വിശദീകരണം.

അതേസമയം, ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഒരു വീഡിയോ മാത്രമാണ് കണ്ടെത്തിയതെന്ന് മൊഹാലി എസ്എസ്പി വിവേക് സോണി പറഞ്ഞു. പരാതികൾ സ്വീകരിക്കുന്നതിനായി കാമ്പസിൽ ഒരു കേന്ദ്രം ആരംഭിക്കുമെന്നും വിദ്യാർഥികൾക്ക് തങ്ങളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾക്ക് നീതി ലഭിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് പഞ്ചാബ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഗുർമീത് സിങ് മീത് ഹയെർ പറഞ്ഞു. മൊഹാലി പൊലീസ് കമ്മീഷണറും എസ്എസ്പിയും സംയുക്തമായി കേസ് അന്വേഷിക്കുമെന്നും കുറ്റവാളികളെ വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Similar Posts