< Back
India
Maulana Mahmood Madani visits relief camps in Assam
India

അറസ്റ്റ് ചെയ്യുമെന്ന ഭീഷണി തള്ളി; അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദർശിച്ച് മൗലാന മഹ്മൂദ് മദനി

Web Desk
|
3 Sept 2025 9:05 PM IST

തൂക്കിലേറേണ്ടി വന്നാലും അടിച്ചമർത്തപ്പെട്ടവർക്കായുള്ള പോരാട്ടം തുടരുമെന്ന് മഹ്മൂദ് മദനി പറഞ്ഞു

ഗുവാഹതി: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന മഹ്മൂദ് അസദ് മദനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ കഴിയുന്ന റിലീഫ് ക്യാമ്പുകൾ സന്ദർശിച്ചു. കുടിയൊഴിപ്പിക്കൽ നടന്ന പ്രദേശങ്ങളിലൂടെ എകദേശം 300 കിലോമീറ്റർ സഞ്ചരിച്ച പ്രതിനിധിസംഘം ഇരകളെ കാണുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു. ബൈത്ത്ബാരി ക്യാമ്പിൽ ഭവനരഹിതരായ ആളുകളുമായി വിശദമായി സംസാരിച്ച മദനി പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെയല്ല, മറിച്ച് ജുഡീഷ്യൽ ഉത്തരവുകൾ അവഗണിച്ചും നിയമത്തിനുപകരം ഭയം, ഭീഷണി, ബലപ്രയോഗം എന്നിവ ഉപയോഗിച്ചും ആളുകളെ ഭവനരഹിതരാക്കുന്നതിന് എതിരെയാണ് തങ്ങളുടെ പോരാട്ടം. ഇത് നീതിക്കും മനുഷ്യത്വത്തിനും എതിരാണ്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് എല്ലായിപ്പോഴും അടിച്ചമർത്തപ്പെട്ടവർക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. തൂക്കുമരത്തെ നേരിടേണ്ടി വന്നാലും അത് തുടരുമെന്നും തങ്ങളുടെ പൂർവീകരുടെ പാരമ്പര്യം അതാണെന്നും മദനി പറഞ്ഞു.

അധികാരം പിടിച്ചെടുക്കുന്നതിനായി ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നു. പ്രത്യേക മുദ്രാവാക്യങ്ങൾ ഉയർത്തുന്നു, അവരെ 'പ്രത്യേക സമൂഹം' എന്ന് വിളിക്കുന്നു, അവരെ 'മിയ' എന്ന് വിളിക്കുന്നു, അവരെ 'അജ്ഞാതർ' എന്ന് വിളിക്കുന്നു, അവരെ 'സംശയിക്കുന്നവർ' എന്ന് വിളിക്കുന്നു, അപമാനകരമായ വാക്കുകൾ ഉപയോഗിക്കുന്നു. കുടിയൊഴിപ്പിക്കൽ നടത്തുന്ന ക്രൂരമായ രീതിയേക്കാൾ വേദനാജനകമാണ് ആ മനോഭാവമെന്നും മദനി പറഞ്ഞു.

ജംഇയ്യത്ത് ജനറൽ സെക്രട്ടറി മൗലാന ഹക്കീമുദ്ദീൻ ഖാസിമി, വിവിധ സംസ്ഥാനങ്ങളിലെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രതിനിധികളായ മൗലാന മുഫ്തി ജാവേദ് ഇഖ്ബാൽ, മൗലാന ഖാലിദ് കിഷൻഗഞ്ച്, മൗലാന നവീദ് ആലം ഖാസിമി, ഖാരി നൗഷാദ് ആദിൽ, മൗലാന ഹാഷിം ഖാസിമി, മൗലാന സൽമാൻ ഖാസിമി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

അതിരുവിട്ടാൽ മദനിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭീഷണി മുഴക്കി. മദനി കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ഹിമന്തയുടെ ഭീഷണി.

''ആരാണ് മദനി? കോൺഗ്രസ് ഭരണകാലത്ത് അദ്ദേഹത്തിന് പ്രാധാന്യം ഉണ്ടായിരിക്കാം. പക്ഷേ ഇപ്പോൾ അങ്ങനെയല്ല, ഞാനാണ് മുഖ്യമന്ത്രി, അദ്ദേഹമല്ല. അതിരുവിട്ടാൽ അറസ്റ്റ് ചെയ്യും. വസ്തുതകൾ നേരിട്ട് കണ്ട് ബോധ്യപ്പെടാനാണ് മദനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തെ ഗോൽപാറ സന്ദർശിക്കാൻ അനുവദിച്ചത്. ഇപ്പോൾ അദ്ദേഹം അത് കണ്ടുകഴിഞ്ഞു. ഇനി കയ്യേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം രണ്ടുതവണ ചിന്തിക്കും. ജൂലൈയിൽ തുടങ്ങിയ കുടിയൊഴിപ്പിക്കൽ തുടരും'' അസം മുഖ്യമന്ത്രി പറഞ്ഞു.

Similar Posts