< Back
India
നേതൃസ്ഥാനങ്ങളിൽ നിന്ന് മാറ്റിയതിന് പിന്നാലെ മരുമകനെ ബിഎസ്പിയിൽ നിന്ന് പുറത്താക്കി മായാവതി
India

നേതൃസ്ഥാനങ്ങളിൽ നിന്ന് മാറ്റിയതിന് പിന്നാലെ മരുമകനെ ബിഎസ്പിയിൽ നിന്ന് പുറത്താക്കി മായാവതി

Web Desk
|
3 March 2025 7:36 PM IST

അഹങ്കാരിയാണെന്നും സ്വാർത്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി

ലഖ്‌നോ: മരുമകൻ ആകാശ് ആനന്ദിനെ ബിഎസ്പി നേതൃസ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ബിഎസ്പിയിൽ നിന്ന് പുറത്താക്കി മായാവതി. അഹങ്കാരിയാണെന്നും സ്വാർത്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. മായാവതിയോടുള്ള തന്റെ വിശ്വസ്തത ആവർത്തിച്ച് ഒരു നീണ്ട പോസ്റ്റ് എഴുതിയതിന് പിന്നാലെയാണ് ആനന്ദിനെ പുറത്താക്കിയത്.

'പാർട്ടിയുടെ തിരുമാനത്തിൽ പശ്ചാത്തപിക്കുകയും പക്വത പ്രകടിപ്പിക്കുകയും ചെയ്യുന്നതിന് പകരം ഒരു നീണ്ട പ്രതികരണമാണ് ആനന്ദ് കുറിച്ചത്. ഈ പെരുമാറ്റം അദ്ദേഹത്തിന്റെ അഹങ്കാരവും സ്വാർത്ഥ മനോഭാവവും എടുത്തുകാട്ടുന്നു. അതിനാൽ പാർട്ടിയുടെ താൽപ്പര്യാർത്ഥം, ഭാര്യാപിതാവിനെപ്പോലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നു,’ മായാവതി എക്സിൽ കുറിച്ചു.

ആകാശ് ആനന്ദിന്റെ ഭാര്യാപിതാവും മുൻ രാജ്യസഭാംഗവുമായ അശോക് സിദ്ധാർത്ഥ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് മായാവതി കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇന്നലെയാണ് ബിഎസ്പി ദേശീയ കോഡിനേറ്റർ സ്ഥാനത്തുനിന്ന് മരുമകൻ ആകാശ് ആനന്ദിനെ നീക്കിയത്.

ഇത് രണ്ടാംതവണയാണ് ആകാശിനെ പാർട്ടി നേതൃത്വത്തിൽനിന്ന് പുറത്താക്കുന്നത്. 2019ലാണ് ആകാശിന് ബിഎസ്പി ദേശീയ കോഡിനേറ്ററായി നിയമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കഴിഞ്ഞ വർഷം മെയ് ഏഴിനാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയത്. സീതാപൂരിൽ നടത്തിയ പ്രസംഗത്തിൽ വിദ്വേഷ പരാമർശം നടത്തിയതിന് കേസ് എടുത്തതിന് പിന്നാലെയായിരുന്നു നടപടി. ആഴ്ചകൾക്ക് ശേഷം ജൂൺ 23ന് ആകാശ് വീണ്ടും പദവിയിൽ തിരിച്ചെത്തി.

Similar Posts