< Back
India
മേധാ പട്കർ അറസ്റ്റിൽ: മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ 23 വർഷം മുമ്പ് നൽകിയ പരാതിയിലാണ് നടപടി
India

മേധാ പട്കർ അറസ്റ്റിൽ: മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ 23 വർഷം മുമ്പ് നൽകിയ പരാതിയിലാണ് നടപടി

Web Desk
|
25 April 2025 12:21 PM IST

കോടതി വിധി മേധ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്

ന്യൂഡൽഹി: സാമൂഹിക പ്രവർത്തക മേധാ പട്കറിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന നൽകിയ മാനനഷ്ടക്കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഡൽഹി കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസിൽ കഴിഞ്ഞ വർഷം വിധി പറഞ്ഞ കോടതി പിഴയിനത്തിൽ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25,000 രൂപയും കെട്ടിവെക്കാൻ ഉത്തരവിട്ടിരുന്നു. കോടതി വിധി മേധ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കും.

രണ്ടരപതിറ്റാണ്ട് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒ ആയ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ തലവനായിരുന്നു സക്‌സേന. തനിക്കും നർമദാ ബച്ചാവോ ആന്തോളനും എതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് സക്സേനക്കെതിരെ പട്കർ കേസ് നൽകിയിരുന്നു. ഇതിന് പിന്നാലെ 2001ലാണ് സക്‌സേന മാനനഷ്ടക്കേസ് ഫയൽ ചെയ്‌തത്‌.

ഒരു ചാനലിൽ തനിക്കെതിരെ മേധാ പട്കർ അപകീർത്തിപരമായ പരാമർശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച് രണ്ട് കേസുകളാണ് സക്‌സേന നൽകിയത്. സക്സേനയെ 'ഭീരു' എന്ന് വിളിക്കുകയും ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്ത മേധാ പട്കറിന്റെ പ്രവർത്തികൾ അപമാനകരം മാത്രമല്ല മറിച്ച് അദ്ദേഹത്തെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്നെന്നും കോടതി കണ്ടെത്തി. കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പട്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി വിധിച്ചു.

മേധാ പട്കറിന്റെ പ്രായവും നല്ല നടപ്പും പരിഗണിച്ച കോടതി തടവിൽ ഇളവ് നൽകുകയും പിഴയിനത്തിൽ ഒരു ലക്ഷം രൂപ കെട്ടിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ തുക കെട്ടിവെക്കാത്തതിലാണ് കോടതി നടപടി സ്വീകരിച്ചത്. ‘കോടതി വിധിയെ മനപ്പൂർവം തിരസ്ക്കരിക്കുന്ന പ്രവർത്തികളാണ് പട്കറിന്റെ ഭാഗത്ത് നിന്നുള്ളത്. കോടതിയുടെ ആനുകൂല്യങ്ങൾ മുതലെടുക്കുകയും കോടതിയിൽ ഹാജരാവാതെ ഇരിക്കുകയും ചെയ്തതിനാലാണ് വാറന്റ് ഇഷ്യൂ ചെയ്തത്’ കോടതി പറഞ്ഞു.

Similar Posts