< Back
India
മേഘാലയയിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ മുന്നണിയിൽ
India

മേഘാലയയിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ മുന്നണിയിൽ

Web Desk
|
8 Feb 2022 7:43 PM IST

എം.അംപ്രീൻ ലിങ്‌ദോ, മെറാൽബോൺ സീം, മൊഹേന്ദ്രോ റാപ്‌സാങ്, കിംഫ മാർബാനിയാങ്, പി.ടി സോക്മീ എന്നിവരാണ് എം.ഡി.എ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ദേശീയ രാഷ്ട്രീയത്തിൽ എതിരാളികളായ കോൺഗ്രസും ബി.ജെ.പിയും മേഘാലയയിൽ ഒരേ മുന്നണിയിൽ. 17 എം.എൽ.എമാരാണ് മേഘാലയയിൽ കോൺഗ്രസിനുണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ അടക്കം 12 എം.എൽ.എമാർ കഴിഞ്ഞ വർഷം നവംബറിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ബാക്കിയുള്ള അഞ്ച് എം.എൽ.എമാരാണ് നിയമസഭാ കക്ഷി നേതാവ് അംപരീൻ ലിങ്‌ദോയുടെ നേതൃത്വത്തിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) നയിക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിന് പിന്തുണ പ്രഖ്യാപിച്ചത്.

മേഘാലയയിൽ ബി.ജെ.പിയും ഇതേ സഖ്യത്തിലാണ് പ്രവർത്തിക്കുന്നത്. ''സർക്കാരിനെ ശക്തിപ്പെടുത്താനായി ഞങ്ങളുടെ എല്ലാ പിന്തുണയും എം.ഡി.എ (മേഘാലയ ഡെമോക്രാറ്റിക് അലയൻസ്)ക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ യോജിച്ചുള്ള പ്രവർത്തനം സംസ്ഥാനത്തെ മുന്നോട്ടു നയിക്കും'' -കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് മുഖ്യമന്ത്രി കൊൺറാഡ് സാങ്മക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.

എം.അംപ്രീൻ ലിങ്‌ദോ, മെറാൽബോൺ സീം, മൊഹേന്ദ്രോ റാപ്‌സാങ്, കിംഫ മാർബാനിയാങ്, പി.ടി സോക്മീ എന്നിവരാണ് എം.ഡി.എ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

അധികാരമോഹികൾ കൈകോർത്തു എന്നാണ് പുതിയ രാഷ്ട്രീയ നീക്കത്തോട് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചത്. കോൺഗ്രസും എൻ.പി.പി നയിക്കുന്ന എം.ഡി.എയും തമ്മിൽ സഖ്യം പ്രഖ്യാപിച്ചതോടെ മേഘാലയയിൽ വിശ്വസനീയമായ ബദൽ തൃണമൂൽ മാത്രമാണെന്ന് തെളിഞ്ഞെന്നും അവർ വ്യക്തമാക്കി.

Related Tags :
Similar Posts