< Back
India
പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല; വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ രൂക്ഷപ്രതികരണവുമായി ചിന്മയി
India

'പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല'; വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ രൂക്ഷപ്രതികരണവുമായി ചിന്മയി

ശരത് ഓങ്ങല്ലൂർ
|
14 March 2026 9:40 PM IST

'സിനിമയിൽ അധികാരമുള്ള പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോൾ, പീഡനാരോപണങ്ങൾ നേരിടുന്ന തങ്ങളുടെ ഉപദേശകർക്കും സുഹൃത്തുക്കൾക്കും നേരെ കണ്ണടയ്ക്കുന്നു'- വൈരമുത്തുവിനെ അഭിനന്ദിച്ച കമലഹാസനെ വിമർശിച്ച് ചിന്മയി പറഞ്ഞു

ചെന്നൈ:തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ രൂക്ഷ പ്രതികരണവുമായി ​ഗായിക ചിന്മയി ശ്രീപദ. 2018-ൽ വിവിധ പ്രായത്തിലുള്ള നിരവധി സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടും അതൊന്നും പരിഗണിക്കാതെയാണ് അദ്ദേഹത്തിന് ഇത്തരമൊരു പുരസ്കാരം നൽകിയതെന്ന് ചിന്മയി എക്സിലൂടെ പ്രതികരിച്ചു. 2018-ൽ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ വലിയ വില നൽകേണ്ടി വന്നുവെന്ന് ചിന്മയി മുമ്പും പരസ്യമാക്കിയിട്ടുണ്ട്.

വൈരമുത്തുവിനെ 'കവിപ്പേരരശ്' (കവി ചക്രവർത്തി) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആശംസകൾ നേർന്ന കമൽ ഹാസനെതിരെയും ചിന്മയി ആഞ്ഞടിച്ചു. "സിനിമയിൽ അധികാരമുള്ള പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോൾ, പീഡനാരോപണങ്ങൾ നേരിടുന്ന തങ്ങളുടെ ഉപദേശകർക്കും സുഹൃത്തുക്കൾക്കും നേരെ കണ്ണടയ്ക്കുന്നു. സ്ത്രീകൾ ഇത് തിരിച്ചറിയണം. വോട്ട് ചെയ്യുന്ന സ്ത്രീകൾ ഓർക്കുക, പുരുഷന്മാർ ഒരിക്കലും നിങ്ങളുടെ പക്ഷത്തുണ്ടാകില്ല. അവസാനം അവർ തങ്ങളുടെ 'ബ്രോ'കൾക്കും 'അങ്കിൾ'മാർക്കും ഒപ്പമേ നിൽക്കൂ." ചിന്മയി കമലഹാസന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ട് കുറിച്ചു.

മുൻപ് കേരളത്തിൽ ഒഎൻവി കുറുപ്പ് പുരസ്കാരം വൈരമുത്തുവിന് പ്രഖ്യാപിച്ചപ്പോൾ ഉയർന്ന പ്രതിഷേധവും അതിനെ തുടർന്ന് അവാർഡ് പിൻവലിച്ചതും ചിന്മയി മറ്റൊരു ട്വീറ്റിൽ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ നീതിബോധം തമിഴ്നാടിനോ കേന്ദ്രത്തിനോ ഇല്ലാതെ പോയെന്നും അവർ കുറ്റപ്പെടുത്തി.

Similar Posts