India
Priyanka Gandhis response to Rahul Gandhis disqualification
India

'ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതി': രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി

Web Desk
|
24 March 2023 5:20 PM IST

അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും പ്രിയങ്ക

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. വിഷയത്തിൽ തുടർ നടപടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് വൈകിട്ട് കോൺഗ്രസ് അടിയന്തര യോഗം ചേരും.

രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

Similar Posts