< Back
India
MHA drops security cover for 19 former union ministers
India

19 മുൻ കേന്ദ്ര മന്ത്രിമാരുടെ സുരക്ഷ ഒഴിവാക്കി; സ്മൃതി ഇറാനിയുടേത് ആറുമാസത്തേക്ക് കൂടി നീട്ടി

Web Desk
|
6 May 2025 12:43 PM IST

കാലാവധി കഴിഞ്ഞിട്ടും സുരക്ഷ തുടരുന്ന മുൻ കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും പട്ടിക കഴിഞ്ഞ വർഷം ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു.

ന്യൂഡൽഹി: 19 മുൻ കേന്ദ്ര മന്ത്രിമാരുടെ സുരക്ഷ ഒഴിവാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച് ഡൽഹി പൊലീസിന് നിർദേശം നൽകി. അതേസമയം ബിജെപി നേതാവും മുൻ മന്ത്രിയുമായ സ്മൃതി ഇറാനിയുടെ സുരക്ഷ ആറുമാസത്തേക്ക് കൂടി നീട്ടി. കാലാവധി കഴിഞ്ഞിട്ടും സുരക്ഷ തുടരുന്ന മുൻ കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും പട്ടിക കഴിഞ്ഞ വർഷം ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു.

മുൻ കേന്ദ്ര മന്ത്രിമാരായ ഭാനു പ്രതാപ് സിങ് വർമ, ബിരേന്ദർ സിങ്, ദേവുസിൻഹ് ജെസിങ്ഭായ് ചൗഹാൻ, ജസ്വന്ത്‌സിൻഹ് സുമൻഭായ് ഭഭോർ, രാജ്കുമാർ രഞ്ജൻ സിങ് എന്നിവരുടെ വൈ കാറ്റഗറി സുരക്ഷ ഒഴിവാക്കി. മുൻ എംപിമാരുടെയും മുതിർന്ന ജഡ്ജിമാരുടെയും സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചില ജഡ്ജിമാരുടെ സുരക്ഷ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

പദവിയിലിരിക്കുന്നവർക്കും സുരക്ഷാ ഭീഷണിയുള്ളവർക്കുമാണ് പ്രത്യേക സുരക്ഷയൊരുക്കുന്നത്. നിശ്ചിത കാലയളവിൽ ഇത് പുനഃപരിശോധിക്കണം. എന്നാൽ ദീർഘകാലമായി ഇത് ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രിമാരുടെ സുരക്ഷ ഒഴിവാക്കിയത്.

മുൻ സൈനിക മേധാവി ജനറൽ വി.കെ സിങ്, മുൻ കേന്ദ്രമന്ത്രി അജയ് ഭട്ട് എന്നിവരുടെ സുരക്ഷ നിലനിർത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇന്റലിജൻസ് ബ്യൂറോ, റോ തുടങ്ങിയ ഏജൻസികളുടെ അടക്കം റിപ്പോർട്ട് പരിഗണിച്ചാണ് വ്യക്തികൾക്ക് സുരക്ഷ നൽകുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുന്നത്.

Similar Posts