< Back
India
മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിലേക്ക്, ഈറോഡിൽ ഡിഎംകെ മുന്നിൽ
India

മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിലേക്ക്, ഈറോഡിൽ ഡിഎംകെ മുന്നിൽ

Web Desk
|
8 Feb 2025 12:10 PM IST

രാമക്ഷേത്രം സ്ഥിതിചെയ്യുന്ന അയോദ്ധ്യ ജില്ലയിലാണ് മിൽക്കിപൂർ മണ്ഡലം

ഉത്തർപ്രദേശ്: മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിലേക്ക്. ഒമ്പത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സമാജ്‌വാദി പാർട്ടിയുടെ അജിത് പ്രസാദ് 25,000 ത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്. ബിജെപിയുടെ ചന്ദ്രഭാൻ പാസ്വാൻ 47,176 വോട്ടുകൾ നേടി. അതേസമയം, ഈറോഡ് മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥി ചന്ദിരകുമാർ വിസി 18000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ അതീവ പ്രാധാന്യമുള്ള മേഖലയാണ് മിൽക്കിപൂർ. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന അയോദ്ധ്യ ജില്ലയിലാണ് ഈ മണ്ഡലം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യയിലെ ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി പരാജയപ്പെട്ടിരുന്നു. അതിനാൽ തന്നെ മിൽക്കിപൂർ സീറ്റ് സമാജ്‌വാദി പാർട്ടിയും ബിജെപിയും തമ്മിലുള്ള അഭിമാന പോരാട്ടമാണ്.

വിജയത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി ചന്ദ്ര ഭാനു പാസ്വാൻ പ്രധാനമന്ത്രി മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി പറഞ്ഞു. വോട്ടർമാരുടെ പിന്തുണയ്ക്ക് നന്ദി ഉണ്ടെന്നും, ജനങ്ങളിൽ നിന്ന് വലിയ ബഹുമാനവും പിന്തുണയും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെയും മിൽക്കിപൂരിലെയും ജനങ്ങൾ വികസനത്തെയും യോഗി ആദിത്യനാഥിനെയും വീണ്ടും തിരഞ്ഞെടുത്തുവെന്നായിരുന്നു കേന്ദ്രമന്ത്രി ഒ. പി രാജ്ഭർ പ്രതികരിച്ചത്. "എൻ‌ഡി‌എ സ്ഥാനാർത്ഥി ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. പൊതുജനങ്ങൾ വികസനം ആഗ്രഹിക്കുന്നു, യോഗി ജിയുടെ പ്രവർത്തനങ്ങളിൽ അവർ സന്തുഷ്ടരാണ്," രാജ്ഭർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

സമാജ്‌വാദി പാ‌‌ർട്ടിയിലെ അവദേഷ് പ്രസാദ് ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് മിൽക്കിപൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎയായിരുന്ന ഗോരഖ്‌നാഥിനെ പരാജയപ്പെടുത്തിയാണ് 2022ൽ അവദേഷ് എംഎൽഎയായത്.

Similar Posts