< Back
India
Minister V Somanna booked for swaying JD(S) candidate to exit election
India

സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ 50 ലക്ഷം വാഗ്ദാനം ചെയ്ത ബി.ജെ.പി മന്ത്രി വി.സോമണ്ണക്കെതിരെ കേസ്

Web Desk
|
30 April 2023 10:14 AM IST

ചാമരാജ് നഗർ മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാർഥിയായ ആലൂരു മല്ലികാർജുന സ്വാമിക്കാണ് മന്ത്രിയായ സോമണ്ണ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്.

ബംഗളൂരു: സ്ഥാനാർഥിത്വത്തിൽ പിൻമാറാൻ ജെ.ഡി.എസ് നേതാവിന് പണം വാഗ്ദാനം ചെയ്ത കർണാടകയിലെ ബി.ജെ.പി മന്ത്രിക്കെതിരെ കേസ്. ചാമരാജ് നഗർ മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാർഥിയായ ആലൂരു മല്ലികാർജുന സ്വാമിക്കാണ് മന്ത്രിയായ സോമണ്ണ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

''നീ എന്റെ പഴയ സുഹൃത്താണ്. ആദ്യം നിങ്ങൾ നാമനിർദേശപത്രിക പിൻവലിക്കൂ. ബാക്കി പിന്നെ സംസാരിക്കാം. ഭാവിയിൽ നിങ്ങളുടെ കാര്യം ഞാൻ നോക്കിക്കോളാം. ക്ഷേത്രത്തിന് അകത്തുനിന്നാണ് ഞാൻ ഈ ഉറപ്പ് നൽകുന്നത്''-ശബ്ദസന്ദേശത്തിൽ സോമണ്ണ പറയുന്നു. ബി.ജെ.പി അധികാരത്തിൽ വരുമെന്നും ഔദ്യോഗിക കാറടക്കം ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്നും സോമണ്ണ വാഗ്ദാനം ചെയ്യുന്നുണ്ട്.

ചാമരാജനഗറിന് പുറമെ സോമണ്ണ ഇത്തവണ സിദ്ധരാമയ്യക്കെതിരെ വരുണയിലും മത്സരിക്കുന്നുണ്ട്. ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളെയിങ് സ്‌ക്വാഡ് മേധാവിയായ ഡോ. ബി.ആർ ജയണ്ണയാണ് ചാമരാജനഗർ പൊലീസിൽ പരാതി നൽകിയത്. സോമണ്ണക്ക് പുറമെ അദ്ദേഹത്തിന്റെ സഹായികളായ നടരാജു, സുദീപ് എന്നിവരും കേസിൽ പ്രതികളാണ്.

തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കേസിൽ സോമണ്ണ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹം അയോഗ്യനാക്കപ്പെടും. വിധി എതിരായാൽ രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം അയോഗ്യനാക്കപ്പെടുമെന്നും വിധി ഏതെങ്കിലും ഒരു മണ്ഡലത്തിൽ മാത്രമല്ല ബാധകമാവുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഓഡിയോ സന്ദേശം കൃത്രിമമായി നിർമിച്ചതാണെന്നും ബി.ജെ.പി വക്താവ് എം.ജി മഹേഷ് പറഞ്ഞു. സോമണ്ണക്കെതിരെ നിയമനടപടികളുണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം രണ്ട് മണ്ഡലങ്ങളിലും വിജയിക്കുമെന്നും മഹേഷ് പറഞ്ഞു.

Similar Posts