< Back
India
രണ്ട് വർഷത്തേക്ക് ടെൻഡറുകളിൽ പങ്കെടുക്കാൻ സാധിക്കില്ല; ബി‌എൽ‌എസ് ഇന്റർനാഷണലിന് വിലക്കേർപ്പെടുത്തി വിദേശകാര്യമന്ത്രാലയം
India

'രണ്ട് വർഷത്തേക്ക് ടെൻഡറുകളിൽ പങ്കെടുക്കാൻ സാധിക്കില്ല'; ബി‌എൽ‌എസ് ഇന്റർനാഷണലിന് വിലക്കേർപ്പെടുത്തി വിദേശകാര്യമന്ത്രാലയം

Web Desk
|
15 Oct 2025 12:52 PM IST

നിലവിലെ കരാറുകൾക്ക് വിലക്ക് ബാധകമല്ലെന്ന് കമ്പനി അറിയിച്ചു

ന്യൂഡൽഹി: ബി‌എൽ‌എസ് ഇന്റർനാഷണലിന് വിലക്കേർപ്പെടുത്തി വിദേശകാര്യമന്ത്രാലയം. രണ്ട് വർഷത്തേക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ടെൻഡറുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. കോടതി കേസുകളുടെയും ചില പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടി എന്നാണ് സൂചന.

നിലവിലെ കരാറുകൾക്ക് വിലക്ക് ബാധകമല്ലെന്ന് കമ്പനി അറിയിച്ചു. ഗൾഫ് അടക്കം 60 രാജ്യങ്ങളിൽ നിലവിൽ പാസ്പോർട്ട് വിസ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ബി‌എൽ‌എസ് ഇന്റർനാഷണൽ. കമ്പനിയുടെ ഓഹരികളിൽ വലിയ ഇടിവിന് കാരണമായ ഈ നീക്കം പ്രവാസികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക്, പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ എന്നിവയുൾപ്പെടെ എല്ലാ സേവനങ്ങളും നിലവിലുള്ള കേന്ദ്രങ്ങൾ വഴി പതിവുപോലെ തുടരുമെന്ന് ബിഎൽഎസ് ഉറപ്പ് നൽകി. നിലവിൽ ബിഎൽഎസുമായി പ്രവർത്തിക്കുന്ന എംബസികളും കോൺസുലേറ്റുകളും സേവന തടസ്സങ്ങൾ നേരിടേണ്ടിവരില്ല.

ഫെബ്രുവരിയിൽ ക്ഷണിച്ച ഈ ടെൻഡർ ജൂണിൽ റദ്ദാക്കിയതായി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിർദ്ദിഷ്ട 14 കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ ബിഎൽഎസും ബിഡ് നൽകിയിരുന്നു. എന്നാൽ രണ്ട് വർഷത്തെ വിലക്കിനിടെ ടെൻഡർ വീണ്ടും തുറന്നാൽ നിയമപോരാട്ടത്തിൽ വിജയിച്ചില്ലെങ്കിൽ ബിഎൽഎസിന് ഇതിൽ പങ്കെടുക്കാൻ കഴിയില്ല.

ഇതിൻ്റെ പശ്ചാത്തലത്തിൽ യുഎഇയിലെ ബിഎൽഎസ് കേന്ദ്രങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയുമായും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റുമായുമുള്ള കരാർ കാലാവധി തീരുന്നതുവരെ (ഏകദേശം ഒരു വർഷം) തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Posts