
തമിഴ് സിനിമയിൽ നായികവേഷം വാഗ്ദാനം ചെയ്ത് 17 കാരിയെ ബലാത്സംഗം ചെയ്തു; നിർമാതാവിനെതിരെ കേസെടുത്തു
|സോഷ്യൽമീഡിയയിൽ പരസ്യം കണ്ടാണ് പെൺകുട്ടി പ്രതിയെ വിളിക്കുന്നത്
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിനിമയിൽ നായിക ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തതായി പരാതി. നിർമ്മാതാവാണെന്ന് അവകാശപ്പെട്ടെത്തിയ ആളാണ് ബലാത്സംഗം ചെയ്തത്. കരൂർ ജില്ലയിലെ നല്ലിയംപാളയം സ്വദേശി പാർഥിബനാണ് പ്രതി. പൊള്ളാച്ചിയിലെ വനിതാ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 2019 ലാണ് സംഭവം നടന്നത്.
അന്ന് പെൺകുട്ടിക്ക് 17 വയസായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നൈ സ്വദേശിനി പരാതി നൽകിയത്.പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാൻ നടിയെ ആവശ്യമുണ്ട് എന്ന് സോഷ്യൽമീഡിയയിൽ പരസ്യം കണ്ടാണ് പെൺകുട്ടി പ്രതിയെ വിളിക്കുന്നത്. ഇവർ പറഞ്ഞതുപ്രകാരം പെൺകുട്ടി പൊള്ളാച്ചിയിലെ ലോഡ്ജിലെത്തി. തുടർന്ന് ഇവർ പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. വർഷങ്ങളോളം പീഡനം തുടർന്നെന്നും വാഗ്ദാനം ചെയ്ത വേഷം തന്നില്ലെന്നും യുവതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഒരിക്കൽ ഗർഭിണിയായതിനെ തുടർന്ന് ഗർഭഛിദ്രം ചെയ്യാൻ പ്രതി നിർബന്ധിച്ചതായും യുവതി ആരോപിച്ചു. പ്രതികൾ യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് ഫോൺ പോലും എടുക്കാതെയായി. തുടർന്നാണ് പരാതി നൽകിയതെന്നും യുവതി പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.