India
ബിജെപിയിലെത്തിയ ശേഷം ഒരു അന്വേഷണവുമില്ല; വിശദീകരണവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ്
India

'ബിജെപിയിലെത്തിയ ശേഷം ഒരു അന്വേഷണവുമില്ല'; വിശദീകരണവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ്

Web Desk
|
14 Oct 2021 10:30 PM IST

അന്വേഷണങ്ങളൊന്നും നേരിടേണ്ടിവരാത്തതിനാല്‍ നല്ലതുപോലെ ഉറങ്ങാന്‍ പറ്റുന്നുണ്ടെന്നായിരുന്നു പരാമര്‍ശം

ബിജെപിയില്‍ ചേര്‍ന്ന ശേഷം തനിക്ക് നല്ലതുപോലെ ഉറങ്ങാന്‍ പറ്റുന്നുണ്ടെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍. തന്‍റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹര്‍ഷവര്‍ധന്‍റെ വിശദീകരണം.

"പുനെയിലെ മാവലില്‍ ഹോട്ടല്‍ ഉദ്ഘാടനത്തിനു പോയപ്പോള്‍ ഞാന്‍ നടത്തിയ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തുന്നത്. ഞാന്‍ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല. എനിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്"- ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍സിബി, ഇ.ഡി, സിബിഐ തുടങ്ങിയവയെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ഉയരുന്നതിനിടെയാണ് ഹര്‍ഷവര്‍ധന്‍റെ പരാമര്‍ശം ചര്‍ച്ചയായത്. ബിജെപിയിലെത്തിയതോടെ ഒരു അന്വേഷണവും തനിക്കെതിരെ ഇല്ലെന്നും അതിനാല്‍ സുഖമായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നുമാണ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ പറഞ്ഞത്.

"ഞങ്ങൾക്കും ബിജെപിയിലേക്ക് പോകേണ്ടിവന്നു. ഞാൻ എന്തിനാണ് ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം (വേദിയിൽ തന്‍റെ തൊട്ടടുത്ത് ഇരിക്കുന്ന പ്രതിപക്ഷത്തുള്ള ഒരാളെ പരാമർശിച്ച്) ചോദിച്ചു. ഞാൻ എന്തിനാണ് ബിജെപിയിലേക്ക് പോയതെന്ന് അദ്ദേഹത്തിന്‍റെ നേതാവിനോട് ചോദിക്കാൻ ഞാൻ പറഞ്ഞു. എല്ലാം എളുപ്പവും സമാധാനപരവുമാണ് ബിജെപിയിൽ. അന്വേഷണങ്ങളൊന്നും നേരിടേണ്ടിവരാത്തതിനാല്‍ എനിക്ക് നല്ലതുപോലെ ഉറങ്ങാന്‍ പറ്റുന്നുണ്ട്".

മഹാരാഷ്ട്രയിലെ ഇന്ദാപൂറില്‍ നിന്നും നാല് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍. 2009ല്‍ കോണ്‍ഗ്രസില്‍ ചേരും മുന്‍പ് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മൂന്ന് തവണ വിജയിച്ചത്. ഒരു തവണ കോണ്‍ഗ്രസ് ടിക്കറ്റിലും വിജയിച്ചു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതോടെയാണ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ബിജെപിയിലെത്തിയത്.

പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു ഹര്‍ഷവര്‍ധന്‍റെ വിവാദ പരാമര്‍ശം. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് ശരദ് പവാര്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.

Related Tags :
Similar Posts