< Back
India
Himachal Pradesh clouburst
India

ഹിമാചലില്‍ മേഘവിസ്ഫോടനം; രണ്ട് മരണം, 36 പേരെ കാണാനില്ല

Web Desk
|
1 Aug 2024 11:10 AM IST

എസ്ഡിആർഎഫ് സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്

ഷിംല: ഹിമാചല്‍പ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ട് മരണം. 36 പേരെ കാണാനില്ല. ഷിംല ജില്ലയിലെ രാംപൂർ പ്രദേശത്തെ സമേജ് ഖാഡിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. എസ്ഡിആർഎഫ് സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

മേഘവിസ്ഫോടനം പ്രദേശത്ത് കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേന, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, പൊലീസ്, ഹോം ഗാർഡുകൾ എന്നിവരുടെ ടീമുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ടെന്ന് ഷിംല ഡെപ്യൂട്ടി കമ്മീഷണര്‍ അനുപം കശ്യപ് പറഞ്ഞു.

മാണ്ഡി ജില്ലയിലെ പധാർ സബ്ഡിവിഷനിലെ തൽതുഖോഡിലും മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 9 പേരെ കാണാതായതായി മാണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്‍ഗണ്‍ അറിയിച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര സഹായവും ദേശീയ ദുരന്തനിവാരണ സേനയുടെ പിന്തുണയും നൽകുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.

കേന്ദ്ര ആരോഗ്യമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെപി നദ്ദ തൻ്റെ സ്വന്തം സംസ്ഥാനത്ത് മേഘവിസ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ച ആളുകളുടെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും വേണ്ടി പ്രവർത്തിക്കാൻ എല്ലാ ബി.ജെ.പി പ്രവർത്തകരോടും ആവശ്യപ്പെട്ടു. ഹിമാചൽ പ്രദേശിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളപ്പൊക്കത്തിന്‍റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബിയാസ് നദി കരകവിഞ്ഞൊഴുകുന്ന ദൃശ്യങ്ങളും കാണാം.

Similar Posts