< Back
India
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം എല്ലാവര്‍ക്കും പാഠം, കമ്മീഷന്റെ ദുഷ്പ്രവൃത്തികളെ ഇത് വെള്ളപൂശുന്നില്ല: എം.കെ സ്റ്റാലിന്‍
India

'ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം എല്ലാവര്‍ക്കും പാഠം, കമ്മീഷന്റെ ദുഷ്പ്രവൃത്തികളെ ഇത് വെള്ളപൂശുന്നില്ല': എം.കെ സ്റ്റാലിന്‍

Web Desk
|
15 Nov 2025 8:58 AM IST

കൂടുതൽ ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാജ്യത്തെ പൗരന്മാർ അർഹിക്കുന്നുണ്ടെന്നും മുന്നിലുള്ള വെല്ലുവിളി മറികടക്കാൻ ഇൻഡ്യ മുന്നണിയിലെ നേതാക്കൾ മികച്ച ആസൂത്രണങ്ങൾ നടത്തണമെന്നും സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു

ചെന്നൈ: ബിഹാർ തെരഞ്ഞെടുപ്പ് ഫലം എല്ലാവർക്കും ചില പാഠങ്ങൾ പകർന്നുനൽകുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൽപ്പേര് ഏറ്റവും മോശം നിലയിലാണുള്ളത്. കൂടുതൽ ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാജ്യത്തെ പൗരന്മാർ അർഹിക്കുന്നുണ്ടെന്നും മുന്നിലുള്ള വെല്ലുവിളി മറികടക്കാൻ ഇൻഡ്യ മുന്നണിയിലെ നേതാക്കൾ മികച്ച ആസൂത്രണങ്ങൾ നടത്തണമെന്നും സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു.

'ബിഹാർ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ നിതീഷ് കുമാറിന് അഭിനന്ദനങ്ങൾ. ബിഹാറിലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ അദ്ദേഹത്തിന് കഴിയട്ടെ. കൂടാതെ, തെരഞ്ഞെടുപ്പിൽ കഠിനപ്രയത്നം നടത്തിയ യുവനേതാവ് തേജസ്വി യാദവിനും അഭിനന്ദനങ്ങൾ.' സ്റ്റാലിൻ കുറിച്ചു.

'തെരഞ്ഞെടുപ്പ് ഫലങ്ങൾ ക്ഷേമപദ്ധതികളുടെ വിതരണം, സാമൂഹികമായ കൂട്ടുകെട്ടുകൾ, വ്യക്തമായ രാഷ്ട്രീയ സന്ദേശങ്ങൾ, സമർപ്പിതമായ സംഘാടനം എന്നിവയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ മുന്നണിയിലെ നേതാക്കൾക്ക് ഈ സന്ദേശം ഉൾക്കൊള്ളാനും നിലവിലുള്ള വെല്ലുവിളികളെ മറികടക്കാനും സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.'

'ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്പ്രവൃത്തികളെ വെള്ളപൂശുന്നില്ല. കമ്മീഷന്റെ സൽപ്പേര് ഏറ്റവും മോശം നിലയിലാണുള്ളത്.' കൂടുതൽ ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാജ്യത്തെ പൗരന്മാർ അർഹിക്കുന്നുണ്ടെന്നും അവരിലൂടെ പരാജിതരിൽ പോലും ആത്മവിശ്വാസം ജനിപ്പിക്കേണ്ടതുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Similar Posts