< Back
India
മാധ്യമങ്ങളെ നിശബ്ദമാക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും; ദ വയറിന് എതിരായ വിലക്ക് പിൻവലിക്കണമെന്ന് നേതാക്കൾ
India

'മാധ്യമങ്ങളെ നിശബ്ദമാക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും'; ദ വയറിന് എതിരായ വിലക്ക് പിൻവലിക്കണമെന്ന് നേതാക്കൾ

Web Desk
|
9 May 2025 10:07 PM IST

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സിപിഎം, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരാണ് ദ വയറിന് എതിരായ വിലക്കിനെതിരെ രം​ഗത്തെത്തിയത്.

ന്യൂഡൽഹി: ഓൺലൈൻ മാധ്യമസ്ഥാപനമായ ദ വയറിന് എതിരായ വിലക്ക് പിൻവലിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സിപിഎമ്മും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും ദ വയറിന് ഏർപ്പെടുത്തിയ വിലക്കിനെ അപലപിച്ചു.

മാധ്യമങ്ങളെ നിശബ്ദമാക്കുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്തും. ദ വയറിന് മേലുള്ള നിരോധനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഞെരുക്കപ്പെടരുതെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ ആക്രമണത്തെ സിപിഎം അപലപിച്ചു. ഓപറേഷൻ സിന്ദൂരിനെക്കുറിച്ച് വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്ന ടിവി ചാനലുകൾക്ക് ഒരു മുന്നറിയിപ്പ് പോലുമില്ലാതെ പ്രവർത്തിക്കാൻ അനുവാദമുണ്ട്, അതേസമയം ദ വയർ പോലുള്ള വിശ്വസനീയമായ വാർത്താ പോർട്ടലുകളെ ലക്ഷ്യമിടുന്നത് ലജ്ജാകരമാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

മാധ്യമങ്ങൾ നിരുത്തരവാദപരമായും വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയിലും പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചതായി സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. മാധ്യമങ്ങൾ പ്രശ്‌നങ്ങളെ വർഗീയവത്കരിക്കുകയാണ്. യുദ്ധ ഭ്രാന്ത് പടർത്തുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത് നമ്മുടെ ഐക്യത്തെ ദുർബലപ്പെടുത്തും. നിർണായക ഘട്ടത്തിൽ വെറുപ്പ് പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു.


Similar Posts