< Back
India
തമിഴ്നാട്ടില്‍ ബിജെപിക്ക് നോ എന്‍ട്രി, മൂന്നാം തവണ അധികാരത്തിലെത്തിയിട്ടും  മോദി മാജിക് ഫലിച്ചില്ല:  എം.കെ സ്റ്റാലിന്‍
India

'തമിഴ്നാട്ടില്‍ ബിജെപിക്ക് നോ എന്‍ട്രി, മൂന്നാം തവണ അധികാരത്തിലെത്തിയിട്ടും മോദി മാജിക് ഫലിച്ചില്ല: എം.കെ സ്റ്റാലിന്‍

Web Desk
|
18 Sept 2025 4:41 PM IST

എടപ്പാടി പളനിസാമി പാർട്ടിയുടെ സ്വാതന്ത്ര്യം ബിജെപിക്ക് മുന്നിൽ അടിയറ വച്ചതായി സ്റ്റാലിൻ ആരോപിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയുടെ ശക്തിപ്രകടനമായി കരൂരിൽ നടന്ന 'മുപ്പെരും വിഴ'. സാമൂഹിക പരിഷ്‌കർത്താവായ പെരിയാർ ഇ.വി. രാമസാമിയുട ജന്മദിനവും മുൻ മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ സി.എൻ. അണ്ണാദുരൈയുടെ അനുസ്മരണവും പാർട്ടി സ്ഥാപകദിനവും ഒരുമിച്ച് ആഘോഷിക്കുന്ന മുപ്പെരും വിഴ എല്ലാ വർഷവും സെപ്തംബർ 17നാണ് നടക്കുന്നത്. ഇത്തവണ അത് പാര്‍ട്ടിയുടെ ഐക്യവും ശക്തിയും വിളിച്ചോതുന്ന പ്രകടനമാവുകയായിരുന്നു.

അഴിമതി ആരോപണങ്ങളെത്തുടർന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന ഡിഎംകെയുടെ ശക്തനായ നേതാവ് സെന്തിൽ ബാലാജിയുടെ സാന്നിധ്യവും ശ്രദ്ധേയമായി. പരിപാടിയിൽ ഡിഎംകെ സര്‍ക്കാരിന്‍റെ വികസന ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ ബിജെപിയെയും എഐഎഡിഎംകെയെയും വെല്ലുവിളിച്ചു. "തമിഴ്നാടിനെ ഒരിക്കലും തലകുനിക്കാൻ ഞങ്ങൾ അനുവദിക്കില്ല" എന്ന ആവർത്തിച്ചുള്ള മുദ്രാവാക്യം വിളിച്ചുകൊണ്ട് അദ്ദേഹം അനുയായികളെ ആവേശത്തിലാഴ്ത്തി.

തമിഴ്‌നാട്ടിൽ അടിച്ചമർത്തലിനും ആധിപത്യത്തിനും പ്രവേശനമില്ലെന്നും അതുകൊണ്ട് ബിജെപിക്കും 'നോ എൻട്രി' എന്നും സ്റ്റാലിന്‍ പറഞ്ഞു. "ബിജെപിക്ക് ഇവിടെ പ്രവേശനമില്ല. മൂന്നാം തവണയും മോദി അധികാരത്തിൽ വന്നിട്ടും തമിഴ്‌നാട്ടിൽ മോദി മാജിക് പ്രവർത്തിച്ചില്ല" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേൽപ്പിക്കൽ മുതൽ വിദ്യാഭ്യാസ ധനസഹായം തടഞ്ഞുവയ്ക്കൽ വരെയുള്ള നടപടികളിലൂടെ തമിഴ്‌നാട്ടിൽ കേന്ദ്രം സാംസ്കാരികവും ഭരണപരവുമായ അടിച്ചേൽപ്പിക്കലുകൾ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ മേധാവിയുമായ എടപ്പാടി പളനിസാമി പാർട്ടിയുടെ സ്വാതന്ത്ര്യം ബിജെപിക്ക് മുന്നിൽ അടിയറ വച്ചതായി സ്റ്റാലിൻ ആരോപിച്ചു. "റെയ്ഡുകളിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം എഐഎഡിഎംകെയെ പണയപ്പെടുത്തിയിരിക്കുന്നു. പാർട്ടിയുടെ ഇപ്പോഴത്തെ നിലപാട് അണ്ണാദുരൈയുടെ തത്വങ്ങളോടുള്ള വഞ്ചനയാണ് പഴയ 'അണ്ണായിസം' 'അടിമത്വം' ആയി മാറിയിരിക്കുന്നു'' സ്റ്റാലിൻ പറഞ്ഞു.

Similar Posts