< Back
India
നരവനെയുടെ പുസ്തകം രാഹുൽ ഗാന്ധിക്ക് എങ്ങനെ ലഭിച്ചു? പ്രസാധകരെ ചോദ്യം ചെയ്തതിന്‍റെ വിവരങ്ങൾ പുറത്ത്
India

നരവനെയുടെ പുസ്തകം രാഹുൽ ഗാന്ധിക്ക് എങ്ങനെ ലഭിച്ചു? പ്രസാധകരെ ചോദ്യം ചെയ്തതിന്‍റെ വിവരങ്ങൾ പുറത്ത്

Web Desk
|
14 Feb 2026 11:33 AM IST

പെൻഗ്വിൻ ബുക്സ് ജീവനക്കാരെ കഴിഞ്ഞ ദിവസമാണ് ഡൽഹി പൊലീസ് ചോദ്യം ചെയ്തത്

ന്യൂഡല്‍ഹി: മുന്‍ കരസേന മേധാവി എം.എം നരവനെയുടെ പുസ്തക വിവാദത്തില്‍ പ്രസാധകരെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്. പുസ്തകം രാഹുല്‍ ഗാന്ധിക്കും മറ്റു നേതാക്കള്‍ക്കും എങ്ങനെ ലഭിച്ചുവെന്നും പുസ്തകത്തിന്റെ പകര്‍പ്പ് ചോര്‍ന്നുവെന്നറിഞ്ഞിട്ടും എന്തുകൊണ്ട് പ്രസാധകര്‍ അധികൃതരെ സമീപിച്ചില്ലെന്നതിലും പൊലീസ് വിവരങ്ങള്‍ തേടി. പെന്‍ഗ്വിന്‍ ബുക്‌സ് ജീവനക്കാരെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തത്.

പ്രസാധകര്‍ക്കെതിരെ അന്വേഷണസംഘം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യല്‍. ഇത് രണ്ട് മണിക്കൂറോളം നീണ്ടു. ആദ്യഘട്ട ചോദ്യം ചെയ്യലിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഘട്ടം കൂടെയുണ്ടാകുമെന്നാണ് വിവരം. പുസ്തകത്തിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പതിപ്പുകളും ഒറിജിനലും താരതമ്യം ചെയ്യുന്നതിനായി പുസ്തകത്തിന്റെ യഥാര്‍ഥ പതിപ്പ് പൊലീസിന്റെ കയ്യില്‍ കരുതിയിരുന്നു. പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഇരുപതോളം ചോദ്യങ്ങള്‍ക്ക് പ്രസാധകര്‍ മറുപടി നല്‍കിയെന്നാണ് പ്രാഥമിക വിവരം.

പ്രസിദ്ധീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കാത്ത പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഡല്‍ഹി പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ടെന്നും ഈ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പുസ്തകം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു പൊലീസിന്റെ അവകാശവാദം.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നരവനെയുടെ പുസ്തകം ഉദ്ദരിച്ച് ഭരണപക്ഷത്തെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍, നരവനെയുടെ ലേഖനം വായിക്കാന്‍ അനുവദിക്കാതെ സ്പീക്കര്‍ രാഹുലിനെ തടയുകയും ചെയ്തു. പ്രസിദ്ധീകരണത്തിനുള്ള അനുമതി ലഭിച്ചിട്ടില്ലാത്ത പുസ്തകത്തില്‍ നിന്നുള്ള വരികള്‍ സഭയില്‍ ഉദ്ദരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ബഹളം വെച്ചതോടെ പലതവണ സഭ നിര്‍ത്തിവെക്കേണ്ട സാഹചര്യവുമുണ്ടായി.

സൈന്യത്തിന് ഇടപെടാന്‍ രാഷ്ട്രീയ അനുമതി വൈകിയതിനെ തുടര്‍ന്ന് 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ സമയത്ത് ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി ചൈന കയ്യേറിയെന്നും സേനയുമായി കൂടിയാലോചിക്കാതെ അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയെന്നും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് വിവരങ്ങള്‍.

Similar Posts