< Back
India
ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആൾക്കൂട്ട ആക്രമണം
India

ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആൾക്കൂട്ട ആക്രമണം

Web Desk
|
24 Dec 2022 7:50 PM IST

മതപരിവർത്തനം ആരോപിച്ചാണ് 30-ഓളം പേരടങ്ങുന്ന സംഘം അക്രമം നടത്തിയത്.

ഉത്തരകാശി: ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആൾക്കൂട്ട ആക്രമണം. 30-ഓളം പേരടങ്ങുന്ന സംഘമാണ് വടികളുമായി അക്രമം നടത്തിയത്. ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിൽ ഇന്നലെയാണ് ആക്രമണമുണ്ടായത്. മതപരിവർത്തനം ആരോപിച്ചാണ് ഇവർ അക്രമം നടത്തിയത്.

അക്രമത്തിനിരയായ പാസ്റ്റർ ലസാറസ് കൊർണീലിയസ്, അദ്ദേഹത്തിന്റെ ഭാര്യ സുഷമ കൊർണീലിയസ് എന്നിവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിഷയം ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞ് വിട്ടയച്ചു.

തലസ്ഥാനമായ ഡെറാഡൂൽനിന്ന് 150 കിലോ മീറ്റർ അകലെയാണ് അക്രമമുണ്ടായ പുരോല ഗ്രാമം. ഇവിടത്തെ ഹോപ് ആൻഡ് ലൈഫ് സെന്ററിൽ ഉച്ചക്ക് പാസ്റ്റർ പ്രാർഥനക്ക് നേതൃത്വം കൊടുക്കുമ്പോഴാണ് സംഘടിച്ചെത്തിയ ഒരു കൂട്ടം അക്രമം അഴിച്ചുവിട്ടത്.

അടുത്തിടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ മതപരിവർത്തന നിരോധന ബിൽ ഇന്ന് ഗവർണർ ഒപ്പുവെച്ചിരുന്നു. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ നേരത്തെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Similar Posts