< Back
India
മോദി.. മോദി..; തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയെ സഭയിലേക്ക് ഹര്‍ഷാരവങ്ങളോടെ വരവേറ്റ് ഭരണപക്ഷ എം.പിമാര്‍
India

മോദി.. മോദി..; തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയെ സഭയിലേക്ക് ഹര്‍ഷാരവങ്ങളോടെ വരവേറ്റ് ഭരണപക്ഷ എം.പിമാര്‍

Web Desk
|
14 March 2022 5:35 PM IST

പാര്‍ലമെന്‍റില്‍ ബഡ്ജറ്റ് സെഷന്‍റെ രണ്ടാം പകുതിക്കായി പാര്‍ലമെന്‍റിലേക്ക് പ്രവേശിക്കവെയാണ് മോദിയെ എം.പി മാര്‍ വരവേറ്റത്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഉജ്വലവിജയം നേടിയതിന് പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്സഭയില്‍ ഭരണപക്ഷ എം.പി മാരുടെ വന്‍വരവേല്‍പ്പ്. ബഡ്ജറ്റ് സെഷന്‍റെ രണ്ടാം പകുതിക്കായി പാര്‍ലമെന്‍റിലേക്ക് വന്ന മോദിയെ ഹര്‍ഷാരവങ്ങളോടെയാണ് ബി.ജെ.പി എം.പി മാര്‍ വരവേറ്റത്. പ്രധാനമന്ത്രി പാര്‍ലമെന്‍റിലേക്ക് കടന്നതും എം.പിമാര്‍ മോദി വിളികളുമായി എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു.

ആസ്ട്രിയയില്‍ നിന്നുള്ള പാര്‍ലമെന്‍റ് പ്രതിനിധികള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിക്കാന്‍ വന്നിട്ടുണ്ടെന്നും അവര്‍ സന്ദര്‍ശക ഗ്യാലറിയിലെ പ്രത്യേക ഇരിപ്പിടങ്ങളില്‍ ഉണ്ടെന്നും സ്പീക്കര്‍ ഓം.ബിര്‍ല സഭാംഗങ്ങളോട് സൂചിപ്പിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ലോക്സഭയിലേക്ക് കടന്നു വന്നത്. ഇത് കണ്ടതും ഭരപക്ഷ എം.പിമാര്‍ എഴുന്നേറ്റ് നിന്ന് ഡെസ്കിലടിച്ച് മോദി വിളികളുമായി അദ്ദേഹത്തെ വരവേല്‍‌ക്കുകയായിരുന്നു. ഈ സമയത്ത് സോണിയാ ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളുമൊക്ക സഭയില്‍ ഹാജരായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍‌ പഞ്ചാബ് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി ഉജ്ജ്വല വിജയം നേടിയിരുന്നു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലുമാണ് ബി.ജെ.പി ഭരണത്തുടര്‍ച്ച നേടിയത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വന്‍പരാജയമാണ് രുചിച്ചത്.

Related Tags :
Similar Posts